തൃണമൂൽ നേതാവ് മഹുവ മൊയ്ത്രക്കെതിരായ ചോദ്യക്കോഴ ആരോപണത്തിൽ ലോക് സഭ എത്തിക്സ് കമ്മറ്റി ഇന്ന് അന്തിമ റിപ്പോർട്ടിന് അംഗീകാരം നൽകും. മഹുവക്കെതിരെ കടുത്ത നടപടിക്ക് എത്തിക്സ് കമ്മറ്റി റിപ്പോർട്ടിൽ ശുപാർശയുണ്ടെന്നാണ് സൂചന. മഹുവയെ എംപിയായി തുടരാൻ അനുവദിക്കരുത് എന്നും അംഗത്വത്തിൽ നിന്നും അയോഗ്യ ആക്കണമെന്ന് ശുപാർശയുണ്ടെന്നാണ് വിവരം. മഹുവ മൊയ്‌ത്രയുടെ നടപടികൾ പ്രതിഷേധാർഹവും അനീതിപരവും ഹീനവും കുറ്റകരവുമാണ് എന്ന് 500 പേജുള്ള എത്തിക്സ് കമ്മറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
മഹുവക്കെതിരെ ‘നിയമപരവും സമയബന്ധിതവുമായ അന്വേഷണം’ നടത്തണമെന്നും ശുപാർശ ചെയ്യുമെന്നാണ് കമ്മറ്റി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. മഹുവ മൊയ്ത്ര കോഴ കൈപ്പറ്റി എന്നും അന്വേഷണവുമായി സഹകരിച്ചില്ല എന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ റിപ്പോർട്ട് ലോക്‌സഭാ സ്പീക്കർക്ക് സമർപ്പിക്കും. മഹുവ മൊയ്‌ത്ര വൈകിട്ട് നാലിന് സമിതിക്ക് മുന്നിൽ ഹാജരായേക്കും.
ചോദ്യക്കോഴ വിവാദം ഉന്നയിച്ച് തന്നെ രാഷ്ട്രീയമായി വേട്ടയാടാൻ എത്തിക്‌സ് കമ്മിറ്റി അമാന്യമായ ചോദ്യങ്ങൾ ചോദിച്ചെന്ന് മഹുവ മൊയ്ത്ര ആരോപിച്ചിരുന്നു. രാത്രി ആരെയൊക്കെയാണ് ഫോൺ ചെയ്യാറുള്ളത്, ഹോട്ടലിൽ തങ്ങുമ്പോൾ ആരാണ് ഒപ്പമുണ്ടാകാറുള്ളത് മുതലായ ചോദ്യങ്ങൾ എത്തിക്‌സ് കമ്മിറ്റിയിൽ നിന്നും നേരിടേണ്ടി വന്നെന്ന് മഹുവ ആരോപിച്ചു. എത്തിക്‌സ് കമ്മിറ്റിയ്ക്ക് മുന്നിൽ നിന്നുള്ള നാടകീയമായ ഇറങ്ങിപ്പോകലിന് ശേഷം ഇന്ത്യൻ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു താൻ നേരിട്ട കാര്യങ്ങൾ മഹുവ വിശദീകരിച്ചത്.
എത്തിക്‌സ് കമ്മിറ്റി ചെയർമാൻ തന്നെ സ്വതന്ത്രമായി സംസാരിക്കാൻ അനുവദിച്ചില്ലെന്നും തന്റെ മൊഴി റെക്കോർഡ് ചെയ്യാൻ അനുവദിച്ചില്ലെന്നും മഹുവ പറയുന്നു. രാത്രി വൈകി നിങ്ങൾ ആരോടാണ് സംസാരിച്ചതെന്ന് അദ്ദേഹം ചോദിച്ചു. അടുത്ത 24 മണിക്കൂറിലെ അർദ്ധരാത്രിയിലെ ഫോൺകോളുകളുടെ വിവരങ്ങൾ ഞങ്ങൾക്ക് തരാൻ സാധിക്കുമോ എന്നവർ ചോദിച്ചു. അതിന് സമ്മതമല്ലെങ്കിൽ പറ്റില്ല എന്ന് പറയാമെന്നും അവർ പറഞ്ഞു. നിങ്ങളൊരു വേശ്യയാണോ എന്ന് ചോദിക്കുകയും അപ്പോൾ ഞാൻ അല്ല എന്ന് പറയുകയും ചെയ്താൽ അതിൽ ഒരു പ്രശ്‌നവുമില്ല, ആ ചോദ്യം കൊണ്ടുള്ള പ്രശ്‌നം അവിടെ തീർന്നു എന്ന് ഞാൻ കരുതിക്കോളണം എന്നാണോ നിങ്ങൾ വിചാരിക്കുന്നതെന്ന് മഹുവ ഒരു മറുചോദ്യം ചോദിച്ചു. ബിജെപി അംഗങ്ങൾ ആ സമയത്ത് നിശബ്ദരായിരുന്നെന്നും തങ്ങൾ ഇതിന്റെ ഭാഗമാകില്ലെന്ന് ആ സമയത്ത് പ്രതിപക്ഷ അംഗങ്ങൾ വ്യക്തമാക്കിയെന്നും മഹുവ പറയുന്നു.