കണ്ണൂർ : സ്വർണപ്പണിക്കാരനെ ഭീഷണിപ്പെടുത്തി കളളക്കടത്ത് സ്വർണം കൈക്കലാക്കാൻ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഡിആർഐ പിടിച്ചെടുത്ത സ്വർണത്തിൽ നിന്ന് 87 ഗ്രാം തട്ടാനായിരുന്നു വടക്കേ ഇന്ത്യക്കാരായ രണ്ട് ഉദ്യോഗസ്ഥരുടെ ശ്രമം. സ്വർണപ്പണിക്കാരൻ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചതോടെയാണ് പിടിവീണത്. കണ്ണൂർ വിമാനത്താവളത്തിൽ ഷാർജയിൽ നിന്നെത്തിയ യുവാവിൽ നിന്ന് ഒരാഴ്ച മുമ്പാണ് ഡിആർഐ വിഭാഗം സ്വർണം പിടികൂടിയത്. ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച സ്വർണം തുടർ നടപടികൾക്ക് എയർ കസ്റ്റംസിന് കൈമാറി. സ്വർണം വേർതിരിക്കാൻ ഏൽപ്പിക്കുന്നത് കസ്റ്റംസാണ്. അവരുടെ അംഗീകാരമുളള മട്ടന്നൂരിലെ ജ്വല്ലറിയിൽ പിടിച്ചെടുത്ത സ്വർണമെത്തിച്ചു. എയർ കസ്റ്റംസ് വിഭാഗത്തിലെ സൂപ്രണ്ടും ഒരു ഇൻസ്പെക്ടറുമാണ് എത്തിയത്.
വേർതിരിച്ചെടുത്ത സ്വർണത്തിൽ നിന്ന് ഒരു പങ്ക് മാറ്റിവെക്കണമെന്ന് ഉദ്യോഗസ്ഥർ സ്വർണപ്പണിക്കാരനെ ഭീഷണിപ്പെടുത്തി. ബാക്കിയുളള അളവ് രേഖപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകാനും ഉദ്യോഗസ്ഥർ നിർദേശിച്ചു. 87 ഗ്രാം സ്വർണം മാറ്റിവെച്ച സ്വർണപ്പണിക്കാരൻ വൈകാതെ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് വിവരം പറഞ്ഞു. ഇതോടെ കളളക്കളി നടന്നില്ല. മാറ്റിവെച്ച സ്വർണം പിടിച്ചെടുത്ത സ്വർണത്തിന്‍റെ കണക്കിൽ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ചേർത്തു. ആഭ്യന്തര അന്വേഷണം നടത്തി. തിരുവനന്തപുരം ജിഎസ്‌ടി കമ്മീഷണറേറ്റിലേക്ക് രണ്ട് പേരെയും സ്ഥലം മാറ്റി. നടപടിയുടെ ഭാഗമായാണ് മാറ്റമെന്ന് ഉത്തരവിലില്ല. എന്നാൽ ഇനി ഒരു വിമാനത്താവളത്തിലും ഇവരെ നിയമിക്കരുതെന്ന് കസ്റ്റംസ് ചീഫ് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു.