ഡെറാഡൂണ്‍: പട്ടാപ്പകല്‍ നഗരമദ്ധ്യത്തില്‍ നാടിനെ നടുക്കിയ വന്‍ കൊള്ള. ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ദിവസം നടന്ന മോഷണം സംസ്ഥാനത്ത് ഇതുവരെ ഇത്തരത്തില്‍ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലുതാണെന്ന് പൊലീസും സമ്മതിക്കുന്നു. മാസ്‍ക് ധരിച്ച് നഗരത്തിലെ പ്രമുഖ ജ്വല്ലറിയിലെത്തിയ ആയുധധാരികളായ അഞ്ചംഗ സംഘം ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് വന്‍ കവര്‍ച്ച നടത്തിയത്. ഡെറാഡൂണിലെ രാജ്പൂര്‍ റോഡിലുള്ള റിലയന്‍സ് ജ്വല്ലറിയില്‍ നിന്ന് ഏതാണ്ട് പത്ത് കോടി രൂപ വിലവരുന്ന ആഭരണങ്ങളാണ് വ്യാഴാഴ്ച രാവിലെ മോഷ്ടാക്കള്‍ കൊണ്ടുപോയത്. നഗരത്തില്‍ ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണ വാര്‍ഷിക ആഘോഷങ്ങള്‍ നടക്കുകയായിരുന്നു. പരിപാടികളില്‍ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഈ സമയം ഡെറാഡൂണിലുണ്ടായിരുന്നു. പൊലീസുകാരെല്ലാം വിവിഐപി സന്ദര്‍ശന സംബന്ധമായ ജോലികളുമായി തിരക്കിലായിരുന്ന സമയത്താണ് വന്‍ കൊള്ള അതേ നഗരത്തിലെ തന്നെ മറ്റൊരു ഭാഗത്ത് അരങ്ങേറിയത്.
രാവിലെ ജ്വല്ലറി തുറന്ന് ഏതാനും മിനിറ്റുകള്‍ക്കകം ആണ് മോഷ്ടാക്കള്‍ സ്ഥാപനത്തില്‍ എത്തിയതെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രാവിലെ പത്ത് മണിയോടെ ഏഴ് ജീവനക്കാരെത്തി ജ്വല്ലറി തുറന്നു. തുടര്‍ന്ന് ആഭരണങ്ങള്‍ ഡിസ്പ്ലേ റാക്കുകളിലേക്ക് എടുത്തു വെച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് ഉപഭോക്താക്കളെപ്പോലെ അഞ്ച് പേര്‍ മുഖംമൂടി ധരിച്ച് ജ്വല്ലറിയിലേക്ക് കടന്നുവന്നത്.
ഉടന്‍ തന്നെ തോക്കുകള്‍ പുറത്തെടുത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തി. എല്ലാവരെയും കയറുകള്‍ കൊണ്ട് ബന്ധിച്ച് പാന്‍ട്രി റൂമില്‍ അടച്ചു. ആരെയും ഉപദ്രവിച്ചില്ല. മോഷണത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സ്ഥാപനത്തിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ആകെ 25 മിനിറ്റ് കൊണ്ട് 10 കോടിയുടെ ആഭരണങ്ങളും കൈക്കലാക്കി സംഘം സ്ഥലം വിട്ടു. പിന്നെയും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പൊലീസിനെ വിവരം അറിയിക്കാന്‍ കഴിഞ്ഞത്. മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. വിദഗ്ധമായി പ്ലാന്‍ ചെയ്ത ശേഷമാണ് മോഷണത്തിനെത്തിയതെന്ന് പൊലീസ് പറയുന്നു. വിവിഐപി സുരക്ഷാ ജോലികളുടെ ഭാഗമായി വലിയൊരു വിഭാഗം പൊലീസുകാരും തിരക്കിലായിരിക്കുമെന്ന് കൃത്യമായി മനസിലാക്കിയാണ് ഈ സമയം തന്നെ തെരഞ്ഞെടുത്തതെന്ന് ഡെറാഡൂണ്‍ എസ്.എസ്.പി അജയ് സിങ് പറഞ്ഞു. ബിഹാറില്‍ നിന്നുള്ള സംഘത്തെ സംശയിക്കുന്നതായും ഇത് സംബന്ധിച്ചുള്ള ചില സൂചനകള്‍ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.