ചേലേമ്പ്ര : യാത്ര ഇഷ്ടവിനോദമാക്കിയ ദിൽഷാദ് ബൈക്കിൽ ലോകയാത്രയ്ക്കിറങ്ങി. ആഫ്രിക്ക ലക്ഷ്യമാക്കിയുള്ള യാത്രപുറപ്പെട്ടു. ഇന്ത്യ ഉൾപ്പെടെ 32 രാജ്യങ്ങളിലൂടെയാണ് യാത്ര. ഇടിമുഴിക്കലിൽ പി. അബ്ദുൾ ഹമീദ് എം.എൽ.എ. യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ആദ്യം ബുള്ളറ്റിൽ മുംബൈ വരെ എത്തും. പിന്നീട് കപ്പൽമാർഗം ദുബായിലേക്ക്. ദുബായ്, ഒമാൻ, സൗദി എന്നീ അറേബ്യൻ രാജ്യങ്ങളിലൂടെ ബൈക്കിൽ യാത്ര തുടരും. പിന്നീട് സൂയസ് കനാൽവഴി ഈജിപ്തിലേക്ക്. തുടർന്ന് ആഫ്രിക്കൻ രാജ്യങ്ങളിലൂടെ കറങ്ങി ലിബിയ വഴി വീണ്ടും സൗദി അറേബ്യയിലും ശേഷം ദുബായിലും എത്തി കപ്പൽമാർഗം നാട്ടിൽ തിരിച്ചെത്തും. ഒരുവർഷവും മൂന്നുമാസവും കൊണ്ടു യാത്ര പൂർത്തിയാക്കാനാകുമെന്ന് ദിൽഷാദ് പറഞ്ഞു. വിവിധ രാജ്യങ്ങൾ കാണാനും ഭാഷകളും സംസ്കാരങ്ങളും അറിയാനുമാണ് തന്റെ യാത്രയെന്നും അദ്ദേഹം പറഞ്ഞു.
യാത്രയിലെ കാഴ്ചകൾ സ്വന്തം യൂട്യൂബ് ചാനൽവഴി ലോകത്തെ അറിയിക്കും. നേരത്തെ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലൂടെയും രണ്ടുതവണ ബൈക്കിൽ സഞ്ചരിച്ചിട്ടുണ്ട്. ദിൽഷാദിനെ യാത്രയാക്കാൻ ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജമീല ഉൾപ്പെടെ വിവിധ ഇടങ്ങളിൽ നിന്നെത്തിയ വ്ളോഗർമാരും ഉണ്ടായിരുന്നു. ചേലേമ്പ്ര പാറയിൽ പീടിയേക്കൽ ഹുസൈൻ -ഫാത്തിമ ദമ്പതിമാരുടെ മകനാണ് ദിൽഷാദ്.