റിയാദ്: ആഫ്രിക്കൻ രാജ്യങ്ങളിൽ 100 കോടി ഡോളറിന്‍റെ വികസന പദ്ധതി പ്രഖ്യാപിച്ച് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. റിയാദിൽ വെള്ളിയാഴ്ച നടന്ന സൗദി-ആഫ്രിക്കൻ ഉച്ചകോടിയിലാണ് ആഫ്രിക്കയിൽ സൽമാൻ രാജാവിൻറെ നാമധേയത്തിൽ അടുത്ത 10 വർഷം കൊണ്ട് പൂർത്തിയാക്കുന്ന വമ്പൻ വികസന പദ്ധതി പ്രഖ്യാപിച്ചത്. വിവിധ തലങ്ങളിൽ ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും ബന്ധം വളർത്തിയെടുക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത കിരീടാവകാശി ഊന്നിപ്പറഞ്ഞു. മേഖലയിലും ലോകമെമ്പാടും സുരക്ഷിതത്വവും സമാധാനവും സ്ഥാപിക്കുന്നതിന് സംഭാവന നൽകാനാണ് ഈ പ്രതിബദ്ധത ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് പുറമെ ആഫ്രിക്കയിൽ വിവിധ മേഖലകളിലായി 25 ശതകോടി ഡോളറിലധികം നിക്ഷേപം നടത്താനും സൗദി അറേബ്യക്ക് പദ്ധതിയുണ്ട്. അവിടെ നിന്നുള്ള കയറ്റുമതിക്കായി 10 ശതകോടി ഡോളറിെൻറ ധനസഹായവും ഇൻഷുറൻസും സൗദി നൽകും. 2030 വരെ ആഫ്രിക്കക്ക് അഞ്ച് ശതകോടി ഡോളർ അധിക വികസന ധനസഹായം നൽകുകയും ചെയ്യുമെന്നും കിരീടാവകാശി വ്യക്തമാക്കി.
കൂടാതെ, ആഫ്രിക്കയിലെ നയതന്ത്ര സാന്നിധ്യം വിപുലീകരിക്കാനുള്ള സൗദി അറേബ്യയുടെ പദ്ധതിയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വൻകരയിലെ സൗദി എംബസികളുടെ എണ്ണം 40 ആയി ഉയർത്തി. 54 ആഫ്രിക്കൻ രാജ്യങ്ങളിലെ വികസനപരവും മാനുഷികവുമായ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി സൗദി അറേബ്യ 4,500 കോടി ഡോളർ ഇതുവരെ നൽകിയിട്ടുണ്ടെന്നും കിരീടാവകാശി വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യങ്ങളുടെ കടം പരിഹരിക്കുന്നതിന് ഏറ്റവും നൂതനമായ പരിഹാരമാർഗങ്ങളെ സൗദി അർപ്പണബോധത്തോടെ പിന്തുണയ്ക്കുകയാണെന്നും അതത് രാജ്യങ്ങൾക്ക് അവരുടെ വിഭവങ്ങളും സ്വയം കഴിവുകളും വികസിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അതിനൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.