അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് ചമഞ്ഞ് മോഡലിനെ പീഡിപ്പിച്ച കേസിലെ പ്രതി കോടതി വളപ്പില്‍ നിന്ന് രക്ഷപ്പെട്ടു. കോടതിയില്‍ ഹാജരാക്കാനായി കൊണ്ട് വന്നപ്പോള്‍ പോലീസിനെ കബളിപ്പിച്ചാണ് വിരാജ് പട്ടേല്‍ എന്ന പ്രതി രക്ഷപ്പെട്ടത്. കഴിഞ്ഞ ഏപ്രിലിലാണ് ഇയാള്‍ അറസ്റ്റിലായത്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ഗുജറാത്ത് ഇന്‍റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയുടെ (ഗിഫ്റ്റ് സിറ്റി) പ്രസിഡന്‍റ് ചമഞ്ഞും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വിരാജ് പട്ടേലിനെ അഡീഷണൽ സെഷൻസ് കോടതിയിലേക്ക് വിസ്താരത്തിനായി കൊണ്ട് വന്നതായിരുന്നു. കോടതിയില്‍ എത്തിച്ചപ്പോള്‍ ഒരു ഹെഡ് കോൺസ്റ്റബിളിനെ കബളിപ്പിച്ചാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിക്കെതിരെ രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് ഒരു എഫ്ഐആര്‍ കൂടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിരാജ് പട്ടേലിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. ഏപ്രിലിൽ നഗരത്തിലെ മൾട്ടിപ്ലക്‌സിൽ വെച്ച് ചിലരുമായി വഴക്കുണ്ടായതിനെ തുടർന്നാണ് പട്ടേലിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം കാമുകിയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫ് ആണെന്ന് പോലീസിനോടും വിരാജ് പട്ടേല്‍ പറഞ്ഞു. തുടര്‍ന്ന് പാൻ കാര്‍ഡും ആധാറും പരിശോധിച്ചപ്പോഴാണ് ഇയാള്‍ പറഞ്ഞത് കള്ളമാണെന്ന് വ്യക്തമായത്.
കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുന്നില്ലെന്നും ഗിഫ്റ്റ് സിറ്റിയുടെ പ്രസിഡന്‍റല്ലെന്നും പ്രതി സമ്മതിച്ചു. യഥാര്‍ഥ വിവരങ്ങള്‍ പുറത്ത് വന്നതോടെ വിരാജ് പട്ടേലിന്‍റെ ഒപ്പമുണ്ടായിരുന്ന മോഡലും പരാതിയുമായി രംഗത്ത് വന്നു. ഗിഫ്റ്റ് സിറ്റിയുടെ ബ്രാൻഡ് അംബാസഡറായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് തന്നെ ബലാത്സംഗം ചെയ്തെന്നാണ് മുംബൈയില്‍ നിന്നുള്ള മോഡല്‍ പരാതി നല്‍കിയത്.