ദില്ലി : ഇന്ത്യക്കെതിരെ വീണ്ടും കടുപ്പിച്ച് കാനഡ. ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിലെ അന്വേഷണവുമായി ഇന്ത്യ സഹകരിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കുറ്റപ്പെടുത്തി. നിജ്ജറിന്റെ മരണത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് കാനഡയുടെ ആരോപണം. ”തുടക്കത്തിൽ നിജ്ജർ കൊലപാതകം കാനഡ വളരെ പ്രാധാന്യത്തോടെ ഉന്നയിച്ചിരുന്നു. ഇന്ത്യയിലെ സർക്കാരിനെയും പ്രധാന്യത്തോടെ വിവരം അറിയിച്ചു. നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇന്ത്യൻ ഏജൻസികൾക്ക് കനേഡിയൽ പൌരന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണം കാനഡ ഉന്നയിച്ചതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. എന്നാൽ കനേഡിയൻ ഡിപ്ലോമാറ്റുകളെ പുറത്താക്കിക്കൊണ്ടാണ് ഇന്ത്യ ഇതിനോട് പ്രതികരിച്ചത്. വിയന്ന കൺവെൻഷന്റെ ലംഘനമാണിത്. വലിയ രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നത് അപകടകരമെന്നും ജസ്റ്റിൻ ട്രൂഡോ കുറ്റപ്പെടുത്തി.