മലപ്പുറം : കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ സംഭവത്തില്‍ മൃതദേഹം നാടുകാണി ചുരത്തില്‍നിന്ന് കണ്ടെത്തി. പ്രതി സമദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നാടുകാണി ചുരത്തിലെത്തി നടത്തിയ പരിശോധനയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹം സൈനബയുടേതാണോയെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെ ആവശ്യമാണെന്ന് പോലീസ് പറഞ്ഞു. പ്രതിയായ സമദുമായാണ് കോഴിക്കോട് കസബ പോലീസ് ഇന്ന് രാവിലെ നാടുകാണി ചുരത്തിലെത്തിയത്. നാടുകാണി ചുരത്തില്‍ മൃതദേഹം ഉപേക്ഷിച്ചെന്ന് പറയുന്ന സ്ഥലത്തുനിന്ന് തന്നെയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
തമിഴ്നാട് അതിര്‍ത്തിയിലാണ് പരിശോധന നടന്നത്. തമിഴ്നാട് പോലീസും സ്ഥലത്തെത്തിയിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്ത് നാട്ടുകാരും തടിച്ചുകൂടിയിരുന്നു. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കായിരിക്കും കൊണ്ടുവരുകയെന്നാണ് വിവരം. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കു ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക. ഭാര്യയെ ഏഴാം തീയതി വൈകുന്നേരം മുതൽ കാണാനില്ലായിരുന്നുവെന്നും ഫോണില്‍ പലതവണ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ലെന്നും സൈനബയുടെ ഭര്‍ത്താവ് മുഹമ്മദാലി പറഞ്ഞു. കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ എട്ടാം തീയതിയാണ് പരാതി നൽകിയത്. എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും മുഹമ്മദാലി പറഞ്ഞു.