മസ്കറ്റ്: ഒമാന്റെ പ്രഥമ ഉപഗ്രഹം അമാന്‍-ഒന്ന് വിജയകരമായി വിക്ഷേപിച്ചു. ഒമാന്‍ ബഹിരാകാശ കമ്പനിയായ എറ്റ്കോ സ്പേസാണ് ഉപഗ്രഹം വിക്ഷേപിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ ഒമ്പത് റോക്കറ്റില്‍ ഘടിപ്പിച്ച് കാലിഫോര്‍ണിയയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തിയതായി എറ്റ്കോ സ്പേസ് അറിയിച്ചു. രണ്ടാമത്തെ ശ്രമത്തിലാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ആദ്യ വിക്ഷേപണത്തിനുള്ള ഒരുക്കം തുടങ്ങിയത്. സാങ്കേതിക തകരാര്‍ മൂലം ആദ്യ വിക്ഷേപണം പരാജയപ്പെടുകയായിരുന്നു.
എറ്റ്കോ സ്പേസിന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഈ മേഖലയിലെ ആദ്യ ചുവടുവെപ്പാണെന്ന് കമ്പനി സിഇഒ അബ്ദുല്‍ അസീസ് ജാഫര്‍ പറഞ്ഞു. നിരവധി ഉപഗ്രഹങ്ങളില്‍ ഒന്നു മാത്രമാണിതെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. അമാന്‍ ഒന്നില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കും മറ്റ് വിവരങ്ങള്‍ക്കുമായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും വരും മാസങ്ങളിലും വര്‍ഷങ്ങളിലും തങ്ങളുടെ ബഹിരാകാശ പദ്ധതിയുടെ അതിരുകള്‍ ഭേദിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റ്റുവാറ്ററ, സാറ്റ് റെവലൂഷന് എന്നീ കമ്പനിയുമായി സഹകരിച്ചാണ് ഒമാന്‍ എറ്റ്കോ പദ്ധതി നടപ്പിലാക്കിയത്.