മലപ്പുറം : ലോകായുക്തയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി മുന്‍ മന്ത്രി കെ.ടി.ജലീല്‍. തക്ക പ്രതിഫലം കിട്ടിയാല്‍ എന്തു കടുംകൈയ്യും ആര്‍ക്കുവേണ്ടിയും ചെയ്യും. പലനാള്‍ കള്ളന് ഒരുനാള്‍ പിടിയിലാവും. പിണറായി സര്‍ക്കാരിനെ പിന്നില്‍നിന്ന് കുത്താന്‍ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ഇതെന്നും ജലീല്‍ ഫെയ്സ്ബുക്കില്‍ ആരോപിച്ചു. ലോകായുക്ത വിധിയെത്തുടര്‍ന്നാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചത്.
കുറിപ്പ് വായിക്കാം
മഹാത്മാഗാന്ധിയുടെ കയ്യില്‍ വിശ്വസിച്ച് കൊടുത്ത ആയുധം ഗോഡ്സെയുടെ കയ്യില്‍ കിട്ടിയാല്‍ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്ത നിയമനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്നത്. യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദര ഭാര്യയ്ക്കു മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവി വിലപേശി വാങ്ങിയ ഏമാന്, തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ആര്‍ക്കുവേണ്ടിയും ചെയ്യും. മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അരിച്ചുപെറുക്കി നോക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേടോ അവിഹിത സമ്പാദ്യമോ കണ്ടെത്താന്‍ കഴിയാതെ പത്തി മടക്കി പിന്‍വാങ്ങിയപ്പോഴാണ് പിണറായി സര്‍ക്കാരിനെ പിന്നില്‍നിന്ന് കുത്താന്‍ യുഡിഎഫ് പുതിയ ‘കത്തി’ കണ്ടെത്തിയത്. കേന്ദ്ര മനുഷ്യാവകാശ കമ്മിഷനായി കോണ്‍ഗ്രസ് നിര്‍ദേശിച്ച ‘മാന്യനെ’ ഇപ്പോള്‍ ഇരിക്കുന്ന പദവിയില്‍ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കരിനെ അസ്ഥിരപ്പെടുത്താനാണ് യുഡിഎഫ് നേതാക്കളുടെ പടപ്പുറപ്പാട്.
ഇന്ത്യയില്‍ ഒരിടത്തുമില്ലാത്ത നിയമം കേരളത്തില്‍ മാത്രം വേണമെന്ന വാശിക്ക് പുല്ലുവില പോലും ജനങ്ങള്‍ കല്പ്പിക്കില്ല. 2005 ജനുവരി 25ന് പുറത്തുവന്ന പ്രമാദ കേസിലെ വിധിയുടെ കോപ്പിയും 2004 നവംബര്‍ 14ന് വൈസ് ചാന്‍സലര്‍ പദവി സഹോദരഭാര്യ ഏറ്റതിന്റെ രേഖയുമെല്ലാം നാട്ടിലെ മുറുക്കാന്‍ കടകളില്‍ പോലും കിട്ടും. ‘ജാഗരൂകരായ’ കേരളത്തിലെ മാധ്യമങ്ങള്‍ എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. മാധ്യമ മുതലാളിമാരുടെ ആ ഒട്ടകപ്പക്ഷി നയം കൊണ്ടാന്നും ആരും രക്ഷപ്പെടാന്‍ പോകുന്നില്ല. ‘പല നാള് കള്ളന് ഒരു നാള് പിടിയില്‍” എന്നല്ലേ പ്രമാണം. അതിനു ഞാന്‍ നിമിത്തമായി എന്നു മാത്രം.