എറണാകുളം: ആൾമാറാട്ടം നടത്തി ലക്ഷങ്ങൾ തട്ടിയ സ്ത്രീ പിടിയിൽ. എറണാകുളം മാറാടി സ്വദേശിയും 57കാരിയുമായ ഷൈലയെ ആണ് അറസ്റ്റ് ചെയ്തത്. 6 ലക്ഷത്തോളം രൂപയാണ് യുവാവിൽ നിന്ന് തട്ടിയത്. ലോട്ടറി വില്പനക്കാരിയായ ഷൈലയാണ് കൂത്താട്ടുകുളം പോലീസിന്‍റെ പിടിയിലായത്. ചോരക്കുഴി ഭാഗത്തുള്ള യുവാവിനെ കബളിപ്പിച്ചാണ് ഇവർ പണം തട്ടിയത്. യുവാവിന് വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ഒരു യുവതിയുടെ ഫോട്ടോ അയച്ചു കൊടുത്തു.
പിന്നീട് ഈ യുവതിയാണെന്ന പേരിൽ ഫോൺ വഴി യുവാവിൽ നിന്ന് ആറ് ലക്ഷത്തോളം രൂപയാണ് ഷൈല തട്ടിയെടുത്തത്. തുടർന്ന് യുവാവ് പരാതി നൽകിയതോടെയാണ് ഷൈലയെ അറസ്റ്റ് ചെയ്തത്. ഫോണിൽ അയച്ച് നൽകിയ ചിത്രം സോനയെന്നാ പെണ്‍കുട്ടിയുടേതാണെന്നും ഇന്‍ഫോ പാർക്കിലാണ് ജോലിയെന്നും യുവാവിനെ ഷൈല വിശ്വസിപ്പിച്ചു. ഇതിന് ശേഷം സോനയെന്ന പേരില്‍ യുവാവിനെ ഫോണ്‍ വിളിക്കാന്‍ ആരംഭിച്ചു. വിശ്വാസ്യത നേടിയതിന് പിന്നാലെ മാതാപിതാക്കളുടെ ചികിത്സയ്ക്ക് മറ്റ് മാർഗങ്ങളില്ലാത്തതിനാല്‍ സഹായമെന്ന നിലയ്ക്കാണ് പണം വാങ്ങിയത്.
പണം ലഭിച്ചതിന് പിന്നാലെ ഫോണ്‍ വിളിയും നിലച്ചു, പണത്തേക്കുറിച്ച് സംസാരവുമില്ലാതായി. ഇതോടെയാണ് ചതിക്കപ്പെട്ടതായി യുവാവിന് വ്യക്തമായത്. ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, കൂത്താട്ടുകുളം ഇൻസ്‌പെക്ടർ പി.ജെ. നോബിൾ, എസ്.ഐ കെ.പി. സജീവൻ, എ.എസ്.ഐ അനിൽകുമാർ, സീനിയർ സി.പി.ഒമാരായ ഇ.കെ. മനോജ്, ഐസി മോൾ, മഞ്ജുശ്രീ, ശ്രീജമോൾ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണം നടത്തിയത്.