ന്യൂഡൽഹി: ഇസ്രായേലി ചാര സോഫ്റ്റ്വെയർ ഇന്ത്യ വാങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹരജി. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2017ലെ പ്രതിരോധ കരാറിനെ കുറിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. അഭിഭാഷകനായ എ.എൽ ശർമ്മയാണ് ഹരജി നൽകിയത്.
പെഗാസസ് സോഫ്റ്റ്വെയർ വാങ്ങാൻ ഇസ്രായേലുമായി കരാറുണ്ടാക്കിയതിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. പെഗസസ് ചാരവൃത്തിക്കേസിൽ മോദി സർക്കാറിനെ വീണ്ടും കുരുക്കി പുതിയ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി 2017ൽ നടത്തിയ ഇസ്രായേൽ സന്ദർശനത്തിനൊപ്പം തീരുമാനിച്ച 200 കോടി ഡോളറിന്‍റെ ആയുധ ഇടപാടിൽ ഉൾപ്പെടുത്തി ചാര ഉപകരണമായ പെഗസസ് വാങ്ങിയെന്ന് ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു.
ഒരു വർഷം നീണ്ട അന്വേഷണത്തിനു ശേഷമാണ് ന്യൂയോർക്ക് ടൈംസ് വാർത്ത പ്രസിദ്ധീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി പെഗസസ് ഇടപാടിൽ നേരിട്ട് പങ്കാളിയാണെന്ന് വിശദീകരിക്കുന്നതാണ് റിപ്പോർട്ട്.2017 ജൂലൈയിലാണ് മോദി ഇസ്രായേൽ സന്ദർശിച്ചത്. ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുമ്പോൾ തന്നെയാണ് അന്നാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രായേലിൽ എത്തിയതെന്ന് ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടി.മോദിയുടെ സന്ദർശനത്തിനൊപ്പമാണ് മിസൈലും പെഗസസും അടക്കമുള്ള ആയുധ ഇടപാടിന് തീരുമാനിച്ചത്. മാസങ്ങൾക്കു ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയിലേക്കും അപൂർവ സന്ദർശനം നടത്തി