മലപ്പുറം : സംഘടന തെരെഞ്ഞെടുപ്പിലൂടെ മലപ്പുറത്തെ കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടയാളെ കണ്ടെത്താൻ നെട്ടോട്ടമോടി പ്രവർത്തകർ. 274 വോട്ട് നേടി മണ്ഡലം പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റാഷിദ് ആണ് ഇപ്പോളും അജ്ഞാതനായി തുടരുന്നത്. എ ഗ്രൂപ്പിനെ തോൽപിക്കാനായി വി എസ് ജോയ് പക്ഷം തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയതായാണ് പരാതി. സംഭവത്തിൽ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് കോർഡിനേറ്റർക്ക് പരാതി നൽകുമെന്ന് തെരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ പി പി മുസ്തഫ പറഞ്ഞു. റാഷിദിനെ രണ്ട് ദിവസമായി കാണാൻ കഴിഞ്ഞിട്ടില്ല. താനും യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നുവെന്ന് തെരഞ്ഞെടുപ്പിൽ രണ്ടാമത്തെത്തിയ പി പി മുസ്തഫ പറഞ്ഞു.
പ്രസിഡന്റിനെ ഞങ്ങൾക്ക് വേണം. രണ്ടു ദിവസമായി ഞങ്ങൾ പ്രസിഡന്റിനെ തിരയുകയാണ്. കഴിഞ്ഞ 9 വർഷത്തോളമായി യൂത്ത് കോൺഗ്രസിന്റെ സംഘടനാരംഗത്ത് പ്രവർത്തിക്കുന്നയാളാണ് ഞാൻ. ഇങ്ങനെയൊരാളെ ഇതുവരേയും കണ്ടിട്ടില്ല. എ ഗ്രൂപ്പ് പ്രതിനിധിയായാണ് ഞാൻ മത്സരിച്ചത്. ഔദ്യോഗിക പക്ഷത്തിന്റെ പ്രതിനിധിയായാണ് റാഷിദ് മത്സരിച്ചത്. റാഷിദ് ഫേക്കാണെന്നാണ് മനസ്സിലാക്കുന്നത്. ഇങ്ങനെയൊരാളെ മത്സരിപ്പിച്ചതിൽ പരാതി നൽകാനൊരുങ്ങുകയാണെന്നും പിപി മുസ്തഫ പറഞ്ഞു. പ്രസിഡന്റിനെ കണ്ടെത്തി നൽകണമെന്നാണ് മറ്റു യൂത്ത് കോൺഗ്രസ് പ്രവർത്തകരും ആവശ്യപ്പെടുന്നത്.