തിരുവനന്തപുരം : സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിക്കായി പുതിയ സമിതിയുണ്ടാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. പരമാവധി പണം പിരിച്ചെടുക്കണം എന്നതടക്കമാണ് സമിതിക്കുള്ള നിർദ്ദേശം. ഫണ്ട് കുറവ് മൂലം ഭക്ഷണം മുടങ്ങാതിരിക്കാനാണ് സമിതിയെന്ന് വിശദീകരിക്കുമ്പോഴും പദ്ധതിയിൽ നിന്നും സർക്കാരിൻ്റെ പിന്മാറ്റമാണോ എന്ന സംശയം പ്രതിപക്ഷ സംഘടനകൾ ഉന്നയിക്കുന്നു. ഹൈക്കോടതി വടിയെടുത്തതോടെയാണ് കുട്ടികൾക്ക് ഭക്ഷണം കൊടുത്തതിൻ്റെ സെപ്റ്റംബർ വരെയുള്ള കുടിശ്ശിക നല്‍കിയത്. ഒക്ടോബറിലെ പണം ഇപ്പോഴും പ്രധാനാധ്യാപകർക്ക് കിട്ടാനുണ്ട്. ഫണ്ടിൽ കേന്ദ്ര-സംസ്ഥാന തർക്കം തുടരുന്നതിനിടെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ സർക്കുലർ.
വാർഡ് മെമ്പർ രക്ഷാധികാരിയും പ്രധാന അധ്യാപകൻ കൺവീനറുമായി ഉച്ചഭക്ഷണ സംരക്ഷണ സമിതി 30 നുള്ളിൽ ഉണ്ടാക്കണമെന്നാണ് നിര്‍ദ്ദേശം. പിടിഎ പ്രസിഡണ്ട്, മാനേജർ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധി അടക്കം 8 പേർ അംഗങ്ങൾ. ഫണ്ട് ലഭിക്കുന്നതിൽ കാലതാമസം ഉണ്ടായാൽ ഭക്ഷണം കൊടുക്കാനാണ് സമിതിയെന്ന് സർക്കുലറിൽ കൃത്യമായി പറയുന്നു. രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, പൗര പ്രമുഖർ എന്നിവരിൽ നിന്നും പലിശ രഹിത സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നാണ് നിർദ്ദേശം. ഫണ്ട് ലഭ്യമാകുന്ന മുറക്ക് സമിതിക്ക് പ്രധാന അധ്യാപകൻ പണം തിരിച്ചുനൽകുമെന്നാണ് ഉറപ്പ്. പിരിക്കാനാണ് നിർദ്ദേശമെന്നും സർക്കാറിൻ്റെ പിന്മാറ്റമാണെന്നും പ്രതിപക്ഷ സംഘടനകൾ വിമർശിക്കുന്നു.