വാഷിങ്ടൺ: അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതിയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൂടുതല്‍ വിവരങ്ങൾ പുറത്ത്. 9 എംഎം കൈത്തോക്കുകൊണ്ടാണ് പ്രതി അമൽ റെജി ഭാര്യ മീരയെ വെടിവെച്ചതെന്ന് ദേസ് പ്ലെയിന്‍സ് പൊലീസ് പുറത്തുവിട്ട ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി. ലോഡുചെയ്ത ഒൻപത് എം.എം. കൈത്തോക്ക് പൊലീസ് അമലിന്‍റെ കാറിൽനിന്നും കണ്ടെത്തി. താനാണ് ഭാര്യയെ വെടിവെച്ചതെന്നും വാഹനത്തിനുള്ളിൽ തോക്കുണ്ടായിരുന്നെന്നും അമൽ റെജി പൊലീസിന് മൊഴിനൽകിയിട്ടുണ്ട്.
വെടിയേറ്റ് ഗുരതരാവസ്ഥയിൽ വെന്‍റിലേറ്ററിയ കഴിയുന്ന മീരയുടെ ഗർഭസ്ഥ ശിശു കഴിഞ്ഞ ദിവസം മരിച്ചു. വെടിയേൽക്കുമ്പോള്‍ മീര രണ്ടുമാസം ഗർഭിണിയായിരുന്നു. 14 ആഴ്ച പ്രായമായ ഗർഭസ്ഥശിശുവാണ് മരിച്ചത്. വെടിയേറ്റതിന് പിന്നാലെ മീരയുടെ ആരോഗ്യനില അതീവ ഗുരുതരനിലയിൽ ആയിരുന്നെങ്കിലും മൂന്ന് ശസ്ത്രക്രിയകൾ നടത്തിയ ശേഷം രക്തസ്രാവം നിയന്ത്രണവിധേയമായിട്ടുണ്ട്. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന മീരയുടെ ആരോഗ്യനില അതേനിലയിൽ തുടരുകയാണ്.
ഭാര്യയെ വെടിവെച്ചതിന് അമൽ റെജിക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഗർഭസ്ഥശിശുവിനെ മനഃപൂർവം കൊലപ്പെടുത്താൻ ശ്രമിച്ചതിനും കേസെടുത്തിട്ടിണ്ട്. കുക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫീസിൽനിന്നുള്ള സഹായത്തോടെ ഡെസ് പ്ലെയിൻസ് പൊലീസ് ഡിപ്പാർട്ട്മെന്റും മേജർ കേസ് അസിസ്റ്റൻസ് ടീമും നടത്തിയ അന്വേഷണത്തിന് ശേഷമാണ് മീരയുടെ ഭർത്താവ് അമൽ റെജിക്കെതിരേ കേസ് രജിസ്റ്റർചെയ്തത്.
സാമ്പത്തികകാര്യങ്ങളെ ചൊല്ലിയുള്ള തർക്കത്തിനനൊടുവിലാണ് ഏറ്റുമാനൂര്‍ സ്വദേശിയായ അമല്‍ റെജി കോട്ടയം ഉഴവൂർ സ്വദേശിയായ മീരയെ വെടി വെച്ചത്. ഡെസ് പ്ലെയിൻസിലെ വസതിയായ എസ്. ലെസ്ലിലെയ്നിൽ വെച്ചാണ് സംഭവത്തിന്‍രെ തുടക്കം. വീട്ടിൽ നിന്ന് വഴക്കിട്ട് അമൽ മീരയെ കാറിൽ കയറ്റി. വീട്ടിൽ ബന്ധുക്കളുടെ മുന്നില്‍ വച്ചുള്ള തർക്കമൊഴിവാക്കാന്‍ വേണ്ടിയാണ് ഇരുവരും വീട് വിട്ടിറങ്ങിയത്. കാറില്‍ വച്ചും വാക്ക് തർക്കം തുടർന്നതോടെ പിന്‍സീറ്റിലിരുന്ന മീരയ്ക്ക് നേരെ അമൽ കൈവശമുണ്ടായിരുന്ന ലൈസന്‍സുള്ള തോക്ക് വച്ച് വെടിയുതിർത്തത്.
ഹോണ്ട ഒഡിസി കാറിനുള്ളില്‍ വച്ച് ഒന്നിലേറ തവണ അമൽ വെടിയുതിർത്തു. തുടർന്ന് കാർ തൊട്ടുത്തുള്ള പള്ളി മുറ്റത്തേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. അമൽ പള്ളിക്ക് സമീപത്തെ പാർക്കിംഗ് സ്ഥലത്താണ് അമൽ കാർ നിർത്തിയത്. വെടിവെപ്പിൽ കാറിന്റെ പിൻവശത്തെ ജനൽ തകർന്നിരുന്നു. ദുരൂഹ സാഹചര്യത്തില്‍ കാർ കണ്ട സമീപവാസികളാണ് പൊലീസിനെ വിളിച്ചതും സംഭവം പുറത്തറിയുന്നതും.