തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീർഥാടനത്തിന് വെല്ലുവിളിയായി വിലക്കയറ്റം. ശബരിമല യാത്രയ്ക്ക് ചെലവേറുമെന്നാണ് വിപണി നൽകുന്ന സൂചന. ഇരുമുടി നിറയ്ക്കാൻ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ വില മുൻവർഷത്തെ അപേക്ഷിച്ച് 10 മുതൽ 40 ശതമാനം വരെ വർധിച്ചിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങൾ പോലെ ശബരിമല തീർഥാടകർക്ക് ആവശ്യമായ പൂജാ സാധനങ്ങൾക്കും വില കൂടി. മുദ്രനിറയ്ക്കാൻ വേണ്ട നെയ്യിനാണ് വൻ വിലവർധന. ലിറ്ററിന് 720 രൂപയാണ് നിലവിൽ. പൂജാസാധനങ്ങൾക്ക് മുൻവർഷത്തെ അപേക്ഷിച്ച് 40% വരെ വില വർധിച്ചതായി വ്യാപാരികൾ പറയുന്നു.
10 രൂപയിൽ തുടങ്ങിയിരുന്ന അയ്യപ്പ മാലകൾക്ക് ഇപ്പോൾ 50 രൂപയാണ് വില. അഞ്ചു രൂപയ്ക്ക് ലഭിച്ചിരുന്ന ലോക്കറ്റുകൾക്ക് ഇപ്പോൾ 10 രൂപയെങ്കിലും മുടക്കണം. മുണ്ടിന് 100 രൂപ മുതൽ മുകളിലേക്ക്. കാണിപ്പൊന്നിന് 10 രൂപയായിരുന്നത് ഇപ്പോൾ 25 രൂപ വരെ എത്തി. ഉണക്കലരി, അവിൽ, മലർ എന്നിവയുടെ വിലയും വർധിച്ചു.
35 രൂപയിൽ നിന്ന് 60 രൂപ വരെയെത്തി അരി വില. ശർക്കര കിലോഗ്രാമിന് 70-80 രൂപ വരെ. കൽക്കണ്ടത്തിന് 30 ൽ നിന്ന് 80 രൂപയായി. എള്ളിന് 240 രൂപ, ഒരു ലിറ്റർ എണ്ണയ്ക്ക് 220-250 രൂപ വരെ നൽകണം. ചന്ദനത്തിരികൾ 50 രൂപയുടെ വലിയ പാക്കറ്റുകളായി. 100-200 രൂപ വരെ വിലയുള്ള ചന്ദനത്തിരികളുമുണ്ട്. കർപ്പൂരത്തിന് മാത്രമാണ് ആശ്വാസ വില.
ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പൂജാ സാധനങ്ങൾക്ക് നികുതിയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വിലക്കയറ്റത്തിനിടയിലും, പാപഭാരങ്ങളുടെ ഇരുമുടിക്കെട്ടുമായി ദുരിതങ്ങൾ ഒഴിയാനുള്ള ശരണപാത താണ്ടാൻ സ്വാമിമാർ വിശ്വാസപൂർവ്വം ഒരുങ്ങി കഴിഞ്ഞു.