കാസർഗോഡ്: യുഡിഎഫ് എംഎൽഎമാർ നവകേരള സദസുമായി സഹകരിക്കില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ഏതെങ്കിലും യുഡിഎഫ് എംഎൽഎമാർ സഹകരിച്ചാൽ അവർക്ക് ഉള്ള ജനപിന്തുണ കൂടി പോകും. എംഎൽഎമാർ സർക്കാർ പരിപാടി നടക്കുമ്പോൾ പോകണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അങ്ങനെ പറഞ്ഞിട്ടുള്ളവർ ആരെങ്കിലുമുണ്ടെങ്കിൽ പരിപാടി കഴിയുമ്പോൾ അബദ്ധം പറ്റിയെന്ന് തിരിച്ചു പറയുമെന്ന് അദ്ദേഹം പ്രതികരിച്ചു. സ്വകാര്യ സംഭാഷണം നടത്തുമ്പോൾ എന്തെങ്കിലും പറഞ്ഞതാണോ ഇവർ പറയുന്നത്. കോൺഗ്രസുകാർ രാഷ്ട്രീയ ബോധമുള്ളവരാണെന്നും അവർ അങ്ങനെ ഒരു താല്പര്യം പ്രകടിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് എംഎൽഎമാർ നവ കേരള സദസിനെത്തുമെന്നും മനസുകൊണ്ട് ഒപ്പം ഉണ്ടാകുമെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് എം എം ഹസന്റെ പ്രതികരണം. പിണറായി സർക്കാരിന്റെ നവകേരള ജനസദസ്സിന് ഇന്ന് കാസർഗോഡ് തുടക്കമാവുകയാണ്. ജനങ്ങളിൽ നിന്നു നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്കു പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന പരിപാടിയെ വലിയ പ്രതീക്ഷയോടെയാണ് സർക്കാർ കാണുന്നത്.
മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ജനസദസിന്‍റെ ഉദ്ഘാടനം നടക്കുക. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് കേരളത്തിലെത്തിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് ബസ് കാസർഗോഡ് ജില്ലയിൽ പ്രവേശിച്ചത്.