ചെന്നൈ: സര്‍ക്കാരിന്റെ എ.സി. ബസില്‍ വ്യാജ ടിക്കറ്റ് നൽകിയ കണ്ടക്ടര്‍ പിടിയിലായി. തമിഴ്നാട് സേലത്താണ് തട്ടിപ്പുകാരൻ കുടുങ്ങിയത്. കണ്ടക്ടറെ സസ്‍പെന്‍ഡ് ചെയ്തതായി തമിഴ്നാട് ഗതാഗതവകുപ്പ് അറിയിച്ചു. തമിഴ്നാട് ട്രാന്‍സ്‍പോര്‍ട്ട് കോര്‍പറേഷന്റെ സേലം – ചിദംബരം എ.സി ബസിലാണ് നാടകീയ രംഗങ്ങള്‍. നിശ്ചിത സ്റ്റോപ്പുകൾക്ക് പുറമെ കാണുന്നിടത്തെല്ലാം നിര്‍ത്തി ടൗൺ ബസ് പോലെ പോകുന്നതിൽ യാത്രക്കാര്‍ ഉടക്കുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ടിക്കറ്റ് ഇന്‍സ്‍പെക്ടര്‍മാര്‍ പരിശോധനയ്ക്ക് എത്തിയത്. ബസില്‍ കയറി ആദ്യത്തെ യാത്രക്കാരന്റെ ടിക്കറ്റ് പരിശോധിച്ചപ്പോള്‍ തന്നെ ഇന്‍സ്‍പെക്ടര്‍മാര്‍ക്ക് പന്തികേട് തോന്നി.
സേലം ഡിപ്പോയിൽ നിന്ന് കണ്ടക്ടറുടെ പക്കല്‍ കൊടുത്തുവിട്ട ടിക്കറ്റുകള്‍ അല്ലായിരുന്നു യാത്രക്കാരുടെ കയ്യിൽ നിന്ന് കിട്ടിയത്. ഇന്‍സ്‍പെക്ടര്‍ വിരട്ടിയതോടെ വ്യാജ ടിക്കറ്റുകൾ ഒന്നൊന്നായി കണ്ടെക്ടര്‍ പുറത്തെടുത്തു. പാന്റിന്റെ പോക്കറ്റിൽ റബര്‍ ബാന്‍ഡ് കൊണ്ട് കെട്ടിവച്ച നിലയിലായിരുനു വ്യാജ ടിക്കറ്റുകള്‍.
കണ്ടക്ടറുടെ പക്കല്‍ ഉണ്ടായിരുന്ന വ്യാജ ടിക്കറ്റുകളെല്ലാം പരിശോധനയ്ക്ക് എത്തിയ ഇന്‍സ്‍പെക്ടര്‍മാര്‍ പിടിച്ചെടുത്തു. യാത്രക്കാരെ അടുത്ത ഡിപ്പോയിൽ എത്തിച്ച് മറ്റൊരു ബസില്‍ കയറ്റിവിടുകയും ചെയ്തു. അധികൃതരുടെ പരാതി പ്രകാരം കണ്ടക്ടര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ വകുപ്പുതല നടപടിയും സ്വീകരിക്കുന്നുണ്ട്.