തിരുവനന്തപുരം: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ഒരു കോടി വിലയുള്ള ആഡംബര ബസിനെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെ ബാലന്‍ രംഗത്ത്. ചലിക്കുന്ന ക്യാബിനറ്റ് ലോകത്തിലെ ആദ്യ സംഭവം ആണ്. ഇപ്പോൾ തന്നെ ബസ് വാങ്ങാൻ ആളുവന്നിട്ടുണ്ട്. ടെണ്ടര്‍ വച്ചാല്‍ ഇരട്ടിയലധികം വില ഉറപ്പെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയ്ക്ക് മ്യൂസിയത്തിൽ വെച്ചാൽ തന്നെ ലക്ഷക്കണക്കിന് പേർ കാണാൻ വരും പതിനായിരങ്ങൾ ആകും ഈ ബസ് കാണാൻ വഴിയരികിൽ തടിച്ചു കൂടുകയെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിനിപ്പോൾ മൂന്ന് പ്രതിപക്ഷ നേതാക്കളാണുള്ളത്.രാവിലെ മുതൽ ഉച്ച വരെ വി ഡീ സതീശൻ, ഉച്ചക്ക് ശേഷം രമേശ് ചെന്നിത്തല, രാത്രി കെ സുരേന്ദ്രന്‍ എന്നതാണ് സ്ഥിതി.മണ്ഡലത്തിലെ ജനങ്ങളെ കാണാൻ പാടില്ല അവരുടെ പരാതി കേൾക്കാൻ പാടില്ല എന്നത് എന്ത് വാദമാണെന്നും അദ്ദേഹം ചോദിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി വിവാദം ഞെട്ടിപ്പിക്കുന്നതാണ്.അനർഹരായവരെ സ്ഥാനങ്ങളിൽ എത്തിച്ചതിൻ്റെ തെളിവാണത്.പ്രതിപക്ഷ നേതാവിന് ഒന്നും പറയാനില്ലേ ?ജനാധിപത്യ സംവിധാനം അട്ടിമറിച്ചു.അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടുപിടിക്കുന്നത് വരെ ആരോപിക്കാൻ ഇല്ലെന്നും എകെബാലന്‍ പറഞ്ഞു.