തിരുവനന്തപുരം : ഗതാഗത വകുപ്പിനെ വെല്ലുവിളിച്ച് അന്തർ സംസ്ഥാന സർവ്വീസ് നടത്തിയ റോബിൻ മോട്ടോഴ്സിന്റെ റോബിൻ ബസിന് വഴി നീളെ പിഴയിട്ട് എംവിഡി. വാഹനം വാളയാർ കടക്കുമ്പോൾ കേരള എംവിഡി ഇതുവരെ ചുമത്തിയ പിഴത്തുക മുപ്പതിനായിരം രൂപയാണ്. നാലിടങ്ങളിലായിരുന്നു നേരത്തെ എംവിഡി ബസ് തടഞ്ഞു പരിശോധിച്ചത്. പിഴയെല്ലാം ചുമത്തിയിരിക്കുന്നത് പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി ആണ്. വാഹനം എംവിഡി കസ്റ്റഡിയിലെടുത്തില്ല. മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടികളെ വെല്ലുവിളിച്ചായിരുന്നു കോയമ്പത്തൂരിലേക്ക് റോബിന് ബസിന്റെ സർവീസ്. നാല് തവണയോളം എംവിഡി പരിശോധന നടത്തിയിരുന്നു. പുതുക്കാട് വെച്ചും തടഞ്ഞ് പരിശോധന നടത്തിയ എംവിഡിയുടെ നടപടിയെ സംഘടിച്ചെത്തിയ നാട്ടുകാര്‍ കൂവി വിളിച്ചാണ് എതിരേറ്റത്. തുടര്‍ച്ചയായ പരിശോധന തങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് യാത്രക്കാരും പ്രതികരിച്ചു. സര്‍വീസ് തുടരാൻ തന്നെയാണ് തീരുമാനമെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചിരുന്നു.