ആലപ്പുഴ : ലോട്ടറി വില്‍പ്പനകാരിയായ യുവതിയുടെ കൈ പിടിച്ച് തിരിച്ച ശേഷം പണവും ലോട്ടറികളും തട്ടിയെടുത്തെന്ന പരാതിയില്‍ ചെങ്ങന്നൂര്‍ നഗരസഭ സെക്രട്ടറിക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ യുവതിയുടെ പരാതിയിൽ ആദ്യം പോലീസ് കേസെടുത്തിരുന്നില്ല. എന്നാല്‍ രാത്രിയില്‍ നഗരസഭ സെക്രട്ടറി സുഗതകുമാര്‍ പോലീസ് സ്റ്റേഷനിലെത്തി ലോട്ടറിയും പണവും കൈമാറിയ ശേഷം പ്രശ്നം ഒത്തുതീര്‍പ്പാക്കണം എന്ന് ആവശ്യപ്പെട്ടതോടെയാണ് പരാതിയില്‍ കഴമ്പുണ്ടെന്ന് പോലീസിന് മനസ്സിലായത്. ഇതിന് തുടർച്ചയായി വെള്ളാവൂര്‍ ജങ്ഷന്‍ റോഡില്‍ നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടെ കച്ചവടക്കാരായ സ്ത്രീകള്‍ ഉദ്യോഗസ്ഥര്‍ക്കു നേരെ ചായ ഉണ്ടാക്കാനായി തയ്യാറാക്കിയ പാലൊഴിച്ചു.
വെള്ളിയാഴ്ച രാവിലെ 10.30ഓടെ ചെങ്ങന്നൂര്‍ നഗരസഭ ഓഫീസിന് മുന്‍വശത്തെ എം.കെ റോഡില്‍ വച്ചാണ് സംഭവം. റോഡരികില്‍ തിരുവല്ല കടപ്ര സ്വദേശിനി റജീനാ ഫ്രാന്‍സിസ് റോഡരികില്‍ ലോട്ടറി വില്‍ക്കുമ്പോള്‍ നഗരസഭ സെക്രട്ടറി സുഗതകുമാര്‍ എത്തി ആദ്യം അസഭ്യം പറഞ്ഞു. താന്‍ മുനിസിപ്പല്‍ സെക്രട്ടറിയാണെന്നും ഇവിടെ കച്ചവടം നടത്താന്‍ പറ്റില്ലെന്നും പറഞ്ഞു. തുടര്‍ന്ന് റജീനയുടെ കയ്യിലുണ്ടായിരുന്ന പണവും ലോട്ടറികളും നഗരസഭ സെക്രട്ടറി പടിച്ചുപറിച്ചെന്നാണ് പരാതി. പരാതി വിശ്വാസിക്കാതിരുന്ന ചെങ്ങന്നൂർ പോലീസ് ആദ്യം കേസെടുത്തില്ല. എന്നാല്‍ രാത്രി എട്ടു മണിയോടെ യുവതിയില്‍ നിന്നും പിടിച്ചു പറിച്ച പണവും ലോട്ടറികളുമായി സെക്രട്ടറി സുഗതകുമാര്‍ സ്‌റ്റേഷനിലെത്തി. പ്രശ്നം ഒത്തുതീർപ്പാക്കണം എന്ന് പോലീസിനോട് ആവശ്യപ്പെട്ടതോടെ യുവതി നല്‍കിയ പരാതി ശരിയെന്ന് വ്യക്തമായി. ഇതോടെ നഗരസഭാ സെക്രട്ടറിക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.