തിരുവനന്തപുരം: സൈബർ ലോകത്ത് കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ജില്ലകളിൽ പൊലീസ് നടത്തിയ റെയ്ഡിൽ 10 പേർ അറസ്റ്റിലായി. പി – ഹണ്ട് എന്ന പേരിൽ നടത്തിയ റെയ്ഡിൽ 46 കേസുകൾ രജിസ്റ്റർ ചെയ്തു. ദൃശ്യങ്ങൾ ശേഖരിക്കാൻ ഉപയോഗിച്ച 123 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. ആലപ്പുഴയിലും എറണാകുളം റൂറലിലും ഒരാൾ വീതവും ഇടുക്കിയിലും കൊച്ചി സിറ്റിയിലും രണ്ടുപേർ വീതവും മലപ്പുറത്ത് നാലു പേരുമാണ് അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി 389 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
അഞ്ച് വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളാണ് പിടിച്ചെടുത്ത ഉപകരണങ്ങളിലുള്ളത്. സംസ്ഥാന പൊലീസും സൈബര്‍ ഡോമും ചേര്‍ന്ന് മാസങ്ങളായി സംസ്ഥാനത്ത് നടത്തുന്ന സൈബര്‍ ഓപ്പറേഷനാണ് ഓപ്പറേഷന്‍ പി-ഹണ്ട്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബര്‍ കണ്ണികള്‍ക്ക് വിരിച്ച വലയാണ് പി-ഹണ്ട്.
ഇതിന്‍റെ വിവിധ ഘട്ടത്തിലായി നൂറുകണക്കിന് പേരാണ് വലയിലായത്. അശ്ലീല വിഡിയോകളും ഫോട്ടോകളും സ്മാർട് ഫോണുകളിലും ലാപ്ടോപ്പുകളിലും സൂക്ഷിക്കുകയോ, അത് സൈബര്‍ ഇടത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്കോ ഇനി അതിവേഗം കുരുക്ക് മുറുകും. പൊലീസ് ഇത്തരക്കാരെ നിരീക്ഷിച്ച് എവിടെയാണെങ്കിലും കയ്യോടെ പിടികൂടുന്ന തരത്തിലാണ് പി ഹണ്ടിന്‍റെ ഒരോഘട്ടവും പുരോഗമിക്കുന്നത്.