അഹമ്മദാബാദ് : ഇന്ത്യ – ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച്ച. മത്സരം നടന്നുകൊണ്ടിരിക്കെ ഗ്രൗണ്ടിലേക്ക് കാണികളില്‍ ഒരാള്‍ ഓടിയെത്തി. ‘ഫ്രീ പലസ്തീന്’ ഷര്‍ട്ടും ധരിച്ചാണ് അയാള്‍ പിച്ചിലേക്കെത്തിയത്. പലസ്തീന്റെ പതാകയുള്ള മാസ്കും അയാളുടെ മുഖത്തുണ്ടായിരുന്നു. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. തുടക്കത്തില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ശ്രേയസ് പുറത്തായതിന് ശേഷം 14-ാം ഓവറിലായിരുന്നു സംഭവം. ആഡം സാംപയുടെ മൂന്ന് പന്തുകള്‍ കോലി-രാഹുല്‍ സഖ്യം നേരിട്ടു. നാലാം പന്തിന് മുമ്പാണ് പലസ്തീന് പിന്തുണയുമായി കാണികളിലൊരാള്‍ ഗ്രൗണ്ടിലെത്തിയത്. ക്രീസിലുണ്ടായിരുന്ന കോലിയുടെ തോളത്ത് അയാള്‍ കയ്യിടുകയും ചെയ്തു. കോലി ഒഴിഞ്ഞുമാറുകയായിരുന്നു. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി അയാളെ പിടിച്ചുമാറ്റി.