തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് നടത്തിയ ഏജൻസിയിൽ നിന്ന് വിവരങ്ങൾ തേടാൻ പോലീസ്. സെർവറിലെ വിവരങ്ങൾ ആവശ്യപ്പെടും. ഇതിനായി യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കത്ത് നൽകും. വിവരങ്ങൾ കൈമാറിയില്ലെങ്കിൽ തെളിവ് നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങളും ചുമത്താനും ആലോചനയുണ്ട്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് സംഭവത്തിൽ കേസെടുത്തത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വ്യാജരേഖ ചമച്ചതിനാണ് കേസ്.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്റെ കത്ത് സിറ്റി പോലീസ് കമ്മിഷണർക്ക് ഡിജിപി കൈമാറിയിരുന്നു. സംഭവം അന്വേഷിക്കാൻ ഡിജിപിയോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ചയ് കൗൾ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ യൂത്ത് കോൺഗ്രസിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. തുടർ നടപടികൾ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം സ്വീകരിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ വിവരം അറിയിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു. വ്യാജ വോട്ടർ ഐഡി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസിനെതിരെ ബിജെപി പരാതി നൽകിയിരുന്നു.