തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 24 വരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 22ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും 23നും 24നും പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും ഓറഞ്ച് അലര്‍ട്ടിന് സമാനമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഴ ശക്തമാകാന്‍ സാധ്യതയുള്ള മലയോര മേഖലകളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കോമോറിന്‍ മേഖലക്ക് മുകളിലായും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും രണ്ട് ചക്രവാതചുഴികള്‍ സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായാണ് മഴ ശക്തമാകുന്നത്. കേരള – കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.