പാലക്കാട് : പാലക്കാട് ടൗൺ നോർത്ത് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ 13.528 കിലോഗ്രാം കഞ്ചാവ് പിടികൂടി. ട്രെയിൻ മാർഗ്ഗം ഇതര സംസ്ഥാന തൊഴിലാളികൾ നടത്തുന്ന ലഹരി കടത്ത് തടയുന്നതിന് നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവും പ്രതികളും ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസവും 81 കിലോഗ്രാം കഞ്ചാവുമായി 6 അന്യ സംസ്ഥാന തൊഴിലാളികൾ പാലക്കാട് പോലീസിന്റെ പിടിയിലായിരുന്നു. ഇന്ന് 13.528 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത് ശശികാന്ത്ഭിര്, നരേന്ദ്രമാലി, ശുഭന്മാലി എന്നിവരാണെന്ന് പോലിസ് അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ പ്രതികൾ കേരളത്തിലേക്ക് എത്തിച്ച കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും ആർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നും കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐ പി എസിന്റെ നിർദ്ദേശപ്രകാരം പാലക്കാട് എ എസ് പി ഷാഹുൽ ഹമീദ് ഐ പി എസ് പാലക്കാട് നാർക്കോട്ടിക് സെൽ ഡി വൈ എസ് പി ആർ മനോജ് കുമാർ എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ഷാജു ഒ ജി യുടെ നേതൃത്വത്തിലുള്ള പാലക്കാട് ടൗൺ നോർത്ത് പോലീസും സബ്ബ് ഇൻസ്പെക്ടർമാരായ എച്ച് ഹർഷാദ്, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി കഞ്ചാവുമായി പ്രതികളെ പിടികൂടിയത്.