ദോഹ : ഖത്തർ വേദിയാകുന്ന ഏഷ്യൻ കപ്പ് ഫുട്ബോളിൻെറ മാച്ച് ടിക്കറ്റ് വിൽപനയിൽ നിന്നുള്ള വരുമാനം ഫലസ്തീനിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ ഉപയോഗിക്കുമെന്ന് ടൂർണമെൻറ് പ്രാദേശിക സംഘാടകർ. 44 ദിവസമായി തുടരുന്ന ഇസ്രായേൽ ആക്രമണത്തിൻെറ കെടുതികൾ അനുഭവിക്കുന്ന ജനങ്ങൾക്കായി മരുന്നും ഭക്ഷ്യ വസ്തുക്കളും അവശ്യ സാധനങ്ങളും നൽകുന്നതിനായി ടൂർണമെൻറ് ടിക്കറ്റ് വിൽപനയിൽ നിന്നുള്ള വരുമാനം മാറ്റിവെക്കാനാണ് തീരുമാനം. ജനുവരി 12ന് തുടങ്ങി ഫെബ്രുവരി 10 വരെ നീണ്ടു നിൽക്കുന്ന ഏഷ്യൻകപ്പിൻെറ ടിക്കറ്റ് വിൽപനയുടെ രണ്ടാം ഘട്ടത്തിന് തിങ്കളാഴ്ച വൈകുന്നേരത്തോടെ തുടക്കം കുറിച്ചിരുന്നു.
ഫലസ്തീൻ ജനങ്ങൾക്കുള്ള ഐക്യദാർഢ്യമാവുകയാണ് ഫുട്ബോൾ ടൂർണമെൻറുമെന്ന് പ്രദേശിക സംഘാടക സമിതി ചെയർമാൻ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി അറിയിച്ചു. ഏറ്റവും ദുർഘടമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഫലസ്തീനിലെ സഹോദരങ്ങളോട് ഐക്യപ്പെടാനും അവരെ ചേർത്തു വെക്കാനും ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്. അതിൻെറ അടിസ്ഥാനത്തിൽ ഏഷ്യൻ കപ്പ് ടിക്കറ്റിന്റെ വരുമാനം ഫലസ്തീന് കൈമാറുന്നു – തീരുമാനം അറിയിച്ചുകൊണ്ട് ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി പറഞ്ഞു.