ആലപ്പുഴ: സി.പി.ഐ മന്ത്രിമാർക്ക് മുഖ്യമന്ത്രിയെ ഭയമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഇപ്പോൾ മന്ത്രിമാരില്ല. മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണുള്ളത്. ലോകായുക്തയുടെ സുപ്രധാന ഓർഡിനൻസ് വന്നപ്പോൾ സി.പി.ഐ മന്ത്രിമാർ ആരും മിണ്ടിയില്ല. സി.പി.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞത് അവരോട് ചോദിക്കണമെന്നാണ്. ഇക്കാര്യം മന്ത്രിസഭ യോഗത്തിൽ ചർച്ചചെയ്തില്ലെന്നതിന്‍റെ ഉദാഹരണമാണിതെന്ന് രമേശ് ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദുബൈ യാത്ര വെട്ടിച്ചുരുക്കി കേരളത്തിലേക്ക് മടങ്ങണം. നേരത്തേ പരിപാടി നിശ്ചയിക്കാതെ ഒമ്പതുദിവസം ദുബൈയിൽ കഴിയുന്നതിന്‍റെ കാരണം ആർക്കുമറിയില്ല. സംസ്ഥാനത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന അതിഗുരുതര കോവിഡ് സാഹചര്യങ്ങളെ നിയന്ത്രിക്കാൻ മടങ്ങിവന്ന് പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ലോകായുക്ത വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഓർഡിനൻസ് നിയമസഭയോടുള്ള അവഹേളനമാണ്. പൊതുസമൂഹം ഓർഡിനൻസിനോട് എതിരാണ്. ലോകായുക്തയെ നോക്കുകുത്തിയാക്കുന്നതിന് പകരം പിരിച്ചുവിടുകയാണ് വേണ്ടത്. കേരളത്തിൽ സി.പി.എം നയങ്ങളെ എതിർക്കുന്നവരെ മോശമായി ചിത്രീകരിക്കുകയാണെന്നും പൊതുപ്രവർത്തകരെ സി.പി.എം സൈബർ ഗുണ്ടകൾ അപമാനിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.