മലപ്പുറം : ഓടിക്കൊണ്ടിരിക്കെ ബസിൽ നിന്ന് വീണുമരിച്ച കണ്ടക്ടറുടെ കുടുംബത്തിന് കൈത്താങ്ങാൻ ബസ് തൊഴിലാളികളും ഉടമകളും. നവംബർ 14നാണ് ജോലിക്കിടെ നാട്ടുകൽ 53ആം മൈലിൽ മണലുംപുറം തലയപ്പാടിയിൽ ഫൈസൽ ബാബുവിന് (38) ബസിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്. 15ന് മരണം സംഭവിച്ചു. പെരിന്തൽമണ്ണ വഴി സർവീസ് നടത്തുന്ന 70 ഓളം ബസിലെ ജീവനക്കാര്‍ ഫൈസല്‍ ബാബുവിന്റെ കുടുംബത്തിന് കൈത്താങ്ങാവാൻ കാരുണ്യയാത്ര നടത്തുകയാണ്. പെരിന്തൽമണ്ണ – മണ്ണാർക്കാട് റൂട്ടിലോടുന്ന പി.എം.എസ് ബസിലെ കണ്ടക്ടറായിരുന്നു ഫൈസൽ ബാബു. ബസിന്റെ വാതിലിൽ നിന്ന് റോഡിലേക്ക് വീണാണ് അപകടമുണ്ടായത്. ഭാര്യയും മൂന്ന് ചെറിയ മക്കളുമുണ്ട് ഫൈസൽ ബാബുവിന്. ജീവനക്കാരുടെ കൂലിയടക്കം ഒരു ദിവസത്തെ കളക്ഷൻ ഇവർ സഹായ നിധിയിലേക്ക് കൈമാറും. മൂന്ന് ദിവസങ്ങളായിട്ടാണ് കാരുണ്യ യാത്ര നടത്തുന്നത്.