കണ്ണൂർ : റബർ വില 250 രൂപയെങ്കിലും ആക്കണമെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. നവകേരള സദസ്സിന്റെ ഭാഗമായി കണ്ണൂർ നായനാർ അക്കാദമിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത പ്രഭാത യോഗത്തിലാണ് ഇദ്ദേഹത്തിന്റെ ആവശ്യം. വന്യമൃഗ ആക്രമണം, കടബാധ്യത മൂലമുള്ള ജപ്തി എന്നിവ ഘട്ടംഘട്ടമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.കേരളത്തിന്റെ ചരിത്രം തിരുത്തിയെഴുതുന്ന സംഭവമാണ് നവകേരള സദസ്സ്. ദേശീയപാത, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി എന്നിവ നടപ്പാക്കുന്നതിൽ മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യം നാം കണ്ടതാണ്. നവകേരള സദസ്സിൽനിന്ന് രാഷ്ട്രീയ കക്ഷികൾ മാറിനിൽക്കുന്നത് ശരിയായില്ലെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. റബറിന് 300 രൂപയാക്കിയാൽ ബി.ജെ.പിക്ക് ഒരു എം.പിയെ നൽകാമെന്ന് ബിഷപ് പറഞ്ഞത് വലിയ വിവാദമായിരുന്നു. ചില അവസരവാദികൾക്ക് സംഘ്പരിവാറിനെ സുഖിപ്പിക്കാൻ കഴിയുന്നതായും അത് ന്യൂനപക്ഷത്തിന്റെ പൊതുഅഭിപ്രായമല്ലെന്നും പറഞ്ഞ് മുഖ്യമന്ത്രി ഇദ്ദേഹത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.