ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ജി 20 വിർച്ച്വൽ ഉച്ചകോടി ഇന്ന് ചേരും. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ് വിട്ടു നിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പകരം പ്രധാനമന്ത്രി ലി ഖിയാങ് പങ്കെടുക്കുമെന്നും ചൈന അറിയിച്ചിരുന്നു. ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന അടിയന്തര ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ഷി ജിൻ പിങ് എന്തുകൊണ്ട് മോദിയുടെ അധ്യക്ഷതയിൽ ജി 20 വിർച്ച്വൽ ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല എന്നത് ആഗോളതലത്തിൽ ചർച്ചയായിട്ടുണ്ട്. നേരത്തെ ദില്ലിയിൽ ചേർന്ന ജി 20 ഉച്ചകോടിയിൽ നിന്നും ഷി ജിൻ പിങ് വിട്ടു നിന്നിരുന്നു.
അതേസമയം റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ മോദിയുടെ അധ്യക്ഷതയിൽ ജി 20 വിർച്ച്വൽ ഉച്ചകോടിയിൽ പങ്കെടുക്കും എന്നാണ് സൂചന. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ജി 20 വിർച്ച്വൽ ഉച്ചകോടി ചർച്ചയാകും. സൗദി അറേബ്യ, യു എ ഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെ അതിഥികളായി വിളിച്ചിരിക്കുന്ന ഉച്ചകോടിയിൽ വെടി നിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയേക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നാണ് ഇന്ത്യൻ വിദേശകാര്യസെക്രട്ടറി വിനയ് മോഹൻ ക്വാത്ര വ്യക്തമാക്കിയത്.
അതേസമയം പശ്ചിമേഷ്യയിലെ സംഘർഷം ചർച്ച ചെയ്യാനുള്ള ബ്രിക്സ് പ്രത്യേക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നില്ല. മോദി പങ്കെടുക്കാത്തത് മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാലെന്ന് സർക്കാർ വിശദീകരണം. രാജസ്ഥാനിൽ പ്രധാനമന്ത്രിയുടെ പ്രചാരണ റാലികൾ നേരത്തെ നിശ്ചയിച്ചതാണെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ആണ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തത്.