ദില്ലി: ഡീപ് ഫേക്ക് വിഷയം ഉയർത്തുന്ന വെല്ലുവിളികൾ രൂക്ഷമായതോടെ ഇതിന് തടയിടാൻ കേന്ദ്ര സർക്കാർ നീക്കം. ഡീപ് ഫേക്കിന് പൂട്ടിടാനായി കേന്ദ്ര സർക്കാർ സമൂഹ മാധ്യമ കമ്പനികളുടെ യോഗം വിളിച്ചു. മെറ്റയും ഗൂഗിളുമടക്കമുള്ള സോഷ്യൽ മീഡിയ ഭീമൻമാർക്കടക്കം കേന്ദ്രം നോട്ടീസ് നൽകിയിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാനായി വെള്ളിയാഴ്ച ഐ ടി മന്ത്രി അശ്വനി വൈഷ്ണവിന്‍റെ അധ്യക്ഷതയിൽ യോഗം ചേരുമെന്നും യോഗത്തിൽ പങ്കെടുക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡീപ് ഫേക്ക് പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ രൂക്ഷമാകുന്നുവെന്നും ഡീപ് ഫേക്ക് പോസ്റ്റുകളിൽ നിയന്ത്രണം കൊണ്ടു വരണമെന്നുള്ളതുമാണ് യോഗത്തിൽ പ്രധാനമായും ചർച്ചയാകുക. ഉപഭോക്താക്കൾ പങ്കുവയ്ക്കുന്ന വിവരങ്ങളിൽ സാമൂഹിക മാധ്യമ കമ്പനികൾക്ക് ഉത്തരവാദിത്തം ഉണ്ടാകില്ല എന്ന നിയമമടക്കം യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം.