കോഴിക്കോട്: വടകര റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ നിന്ന് എട്ടേകാൽ കിലോഗ്രാം കഞ്ചാവ് പിടികൂടി. ആർപിഎഫും എക്സൈസും ചൊവ്വാഴ്ച നടത്തിയ സംയുക്ത റെയ്ഡിലാണ് കഞ്ചാവ് കണ്ടെടുത്തത്. ബാഗിലാക്കി ഒന്നാം പ്ലാറ്റ്ഫോമിലെ ഇരിപ്പിടങ്ങൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. നാലു ലക്ഷത്തിലേറെ രൂപ വില പിടിച്ചെടുത്ത കഞ്ചാവിനുണ്ടെന്നാണ് എക്സൈസ് വിശദമാക്കുന്നത്. ചെന്നൈ-മംഗളൂരു സുപ്പർ ഫാസ്റ്റ് കടന്നുപോയതിന് പിന്നാലെ സ്റ്റേഷനിൽ റെയ്ഡ് നടത്തിയപ്പോഴാണ് കഞ്ചാവ് കാണാനായത്.
പരിശോധനക്കിടയിൽ കഞ്ചാവ് ഒളിപ്പിച്ചുവെച്ച ശേഷം ആൾ കടന്നുകളഞ്ഞതാവുമെന്ന് എക്സൈസ് വിലയിരുത്തൽ. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രെയിനുകളിൽ പെട്രോൾ, മണ്ണെണ്ണ, ഗ്യാസ്, പടക്കങ്ങൾ എന്നിവ കൊണ്ടുപോകുന്നത് തടയാൻ പാലക്കാട് ഡിവിഷൻ സെക്യൂരിറ്റി കമ്മീഷണറുടെ നിർദേശപ്രകാരം ശക്തമായ പരിശോധന നടന്നുവരികയാണ്. ഇതിനിടയിലാണ് വടകരയിൽ കഞ്ചാവ് കണ്ടെടുത്തത്. പെട്ടെന്ന് തീപിടിക്കാവുന്ന വസ്തുക്കൾ ട്രെയിനിൽ കൊണ്ടുപോവുന്നത് കുറ്റകരമാണ്.
ആർപിഎഫ് പാലക്കാട് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് എസ്ഐ എ.പി.ദീപക്, എഎസ്ഐ കെ.എം.ഷിജു, ഹെഡ്കോൺസ്റ്റബിൾമാരായ ഒ.ടി.കെ.അജീഷ്, അബ്‌ദുൾ സത്താർ, വടകര ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.പി.ബിനീഷ്, ഹെഡ്കോൺസ്റ്റബിൾ മഹേഷ്, രാജീവൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർ എൻ.കെ.വിനോദൻ, സിവിൽ എക്സൈസ് ഓഫീസർ എം.പി.വിനീത്, രാഹുൽ ആക്കിലേരി, ഡ്രൈവർ രാജൻ തുടങ്ങിയവരടങ്ങിയ സംഘം നടത്തിയ സംയുക്ത റെയ്ഡിലാണ് കഞ്ചാവ് കണ്ടെടുത്തത്.