കൊച്ചി: പഴയങ്ങടി സംഘർഷത്തിന് പിന്നാലെയുള്ള തുടർ പ്രതികരണങ്ങളിൽ വധശ്രമം തുടരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്നലെ ക്രിമിനൽ മനസുള്ള മുഖ്യമന്ത്രിയെന്നാണ് പറഞ്ഞത്, ഇന്ന് ക്രിമിനലാണെന്ന് തന്നെ പറയുന്നുവെന്നും നികൃഷ്ടനാണ് മുഖ്യമന്ത്രിയെന്നും വിഡി സതീശൻ പറഞ്ഞു. ക്രൂര മനസാണ് മുഖ്യമന്ത്രിക്കെന്നും രാജഭരണമല്ല കേരളത്തിലെന്നും പറഞ്ഞ സതീശൻ മുഖ്യമന്ത്രിയുടേത് കലാപാഹ്വാനമാണെന്നും കുറ്റപ്പെടുത്തി.
നാട്ടുകാരുടെ പണമാണ് നവ കേരള സദസ്സിന് ഉപയോഗിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച വിരോധത്തിൽ മനഃപൂർവമായി കൊല്ലണമെന്ന ഉദേശത്തോടെയുള്ള അക്രമമാണെന്നാണ് എഫ്ഐആറിൽ എഴുതിയത്. ഇനി ഒരു നിമിഷം ആഭ്യന്തര വകുപ്പിന്റെ ചുമതലയോടെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ പിണറായി വിജയന് അർഹതയില്ല. ഉടനടി മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയൻ രാജിവെക്കണം. അധികാരത്തിൽ നിന്ന് ഇറങ്ങാൻ മടിയാണെങ്കിൽ പൊതുമാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു.
നവകേരള സദസ് സർക്കാർ പരിപാടിയല്ലെന്നും ഇടതുമുന്നണിയുടെ പരിപാടിയെന്നും ഇടതുമുന്നണി കൺവീനറുടെ സർക്കുലറോടെ കൂടുതൽ വ്യക്തമായി. വധശ്രമം തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെതിരെ നിയമ നടപടികൾ സ്വീകരിക്കും. മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ മന്ത്രിമാർ വീണിടത്ത് കിടന്ന് ഉരുളുകയാണ്. മുഖ്യമന്ത്രിയുടെ ട്രോളും തമാശയും മന്ത്രിസഭയിൽ മതി, ജനങ്ങളുടെ നേരെ വേണ്ട. മുഖ്യമന്ത്രി അഹങ്കാരത്തിന്റെ കോടിയിലാണ് നിൽക്കുന്നത്. ഉളുപ്പില്ലാത്ത മുഖ്യമന്ത്രി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. പിണറായി വിജയനുമായി സന്ധി ചെയ്യുന്ന പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്ത് എൽ ഡി എഫും – യു.ഡി എഫും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ്. അതിൽ ബിജെപിക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.