യുഎസ് നാവികസേനയുടെ ഒരു വലിയ നിരീക്ഷണ വിമാനം മറൈൻ കോർപ്സ് ബേസ് ഹവായിയിലെ റൺവേയില്‍ നിന്ന് തെന്നി നീങ്ങി ഒവാഹു ദ്വീപിന് സമീപത്തെ കടലില്‍ വീണു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. ബോയിംഗ് പി -8 എ പോസിഡോൺ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഒമ്പത് യാത്രക്കാരിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പുറത്ത് വിട്ട ചിത്രങ്ങളില്‍ കനോഹേ ബേയിലെ ആഴം കുറഞ്ഞ കടലില്‍ ഇരട്ട എഞ്ചിൻ നിരീക്ഷണ ജെറ്റ് വിമാനം പൊങ്ങിക്കിടക്കുന്നതായിരുന്നു ഉണ്ടായിരുന്നത്.
മഴയും മേഘങ്ങളും കാഴ്ചക്കുറവിനെ സ്വാധീനിച്ചെന്നും ഇതേ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 34 കിലോമീറ്റർ വേഗതയിൽ മൂടൽമഞ്ഞ് അടങ്ങിയ കാറ്റ് വീശുന്നതിനാൽ ഏകദേശം 1.6 കിലോമീറ്റര്‍ വരെ കാഴ്ചയുണ്ടായിരുന്നൊള്ളൂവെന്ന് ദേശീയ കാലാവസ്ഥാ സേവന ഡാറ്റാ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2000 കോടി രൂപ വിലയുള്ള P-8A Poseidon പുതിയ ഇനം വിമാനമാണ്. ടോർപ്പിഡോകളും ക്രൂയിസ് മിസൈലുകളും വഹിക്കുന്ന ഈ വിമാനം പലപ്പോഴും ഇന്‍റലിജൻസ് ശേഖരണം, നാവിക പ്രവർത്തനങ്ങൾ, അന്തർവാഹിനി വിരുദ്ധ, ഉപരിതല വിരുദ്ധ യുദ്ധങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു. ഈ വിമാനം സാധാരണയായി വാഷിംഗ്ടൺ സ്റ്റേറ്റിലെ വിഡ്‌ബെ ദ്വീപിലാണ് നിലയുറിപ്പിച്ചിട്ടുള്ളത്. വിമാനം പതിവ് പരിശീലനത്തിനായി ഹവായി ദ്വീപിലെത്തിയതാണെന്ന് യുഎസ് സൈന്യം അറിയിച്ചു.
ഇന്ധന ചോര്‍ച്ച തടയാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും സൈന്യം അറിയിച്ചു. വിമാനം കടലില്‍ വീണതിനെ തുടര്‍ന്ന് ഇത് പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്ന് പ്രദേശവാസിയായ ജോണി കൈന പറഞ്ഞു. എന്നാല്‍, പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ യുഎസ് സൈന്യം തയ്യാറായില്ല. ജെറ്റ് വിമാനങ്ങളില്‍ കടല്‍ ജലം മലിനമാക്കുന്ന നിരവധി വിഷ വസ്തുക്കളുണ്ടെന്നും ജോണി കൈന കൂട്ടിച്ചേര്‍ത്തു. സ്പോഞ്ചി പോളിപ്രൊഫൈലിൻ കൊണ്ട് നിർമ്മിച്ച ബൂമുകൾ ഉപയോഗിച്ച് എണ്ണ ചേര്‍ച്ച നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.