തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നിർണായകമായത് വികാസ് കൃഷ്ണന്റെ കുറ്റസമ്മത മൊഴി. അടൂരിൽ കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്നയാളാണ് വികാസ് കൃഷ്ണൻ. ഒരു മാസം വ്യാജരേഖകൾ ഉണ്ടാക്കിയെന്നായിരുന്നു വികാസിൻ്റെ മൊഴി. അഭി വിക്രം, ബിനിൽ ബിനു, ഫെനി നൈനാൻ എന്നിവരാണ് ഫോട്ടോയും വിലാസവും നമ്പറും നൽകിയതെന്നും വ്യാജ രേഖയുണ്ടാക്കിയതിന് പ്രതിഫലം ലഭിച്ചുവെന്നും വികാസ് കൃഷ്ണൻ മൊഴി നല്‍കി. കേസില്‍ അറസ്റ്റിലായ നാല് പേരിൽ ഒരാളാണ് വികാസ് കൃഷ്ണൻ.
വ്യാജമെന്ന് കരുതുന്ന 24 തിരച്ചറിയല്‍ കാര്‍ഡുകളുടെ രേഖകള്‍ അന്വേഷണസംഘം കണ്ടെടുത്തു. ഇന്നലെ കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി അബി വിക്രത്തിൻ്റെ മൈബൈലിൽ നിന്നാണ് രേഖകൾ കണ്ടെത്തിയത്. ഡിലീറ്റ് ചെയ്ത രേഖകള്‍ സൈബര്‍ സംഘം വീണ്ടെടുക്കുകയായിരുന്നു. അബി വിക്രത്തിനൊപ്പം ഫെനി നൈനാന്‍, വികാസ് കൃഷ്ണ, ബിനിൽ ബിനു എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. വികാസിൻ്റെയും ബിനിലിൻ്റെയും കൈയിൽ മൊബൈൽ ഇല്ല. ഇവർ ഫോൺ നശിപ്പിച്ചതാണോ എന്ന് സംശയമുണ്ട്. നാല് പേരുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.