തിരുവനന്തപുരം : രാജ്യം കൊവിഡിന്റെ മൂന്നാം തരംഗത്തിലൂടെ കടന്നു പോകുന്നതിനിടെ സാമ്പത്തിക മേഖല ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് നാളെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വ്വേ ഇന്ന് പാര്‍ലമെന്റിന് മുന്നില്‍ വയ്ക്കും. കടമെടുപ്പ് പരിധി ഉയര്‍ത്തണം തുടങ്ങിയ ആവശ്യങ്ങളില്‍ ബജറ്റില്‍ അനുകൂല നിലപാട് ഉണ്ടായല്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് അത് ഗുണകരമാകും. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും കേരളത്തിലെ ബിജെപിയും ആവര്‍ത്തിക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് തന്നെയാണ് വിശ്വാസം. കേന്ദ്രത്തിന്റെ ഓഹരിയായി 2150 കോടി രൂപയും റെയില്‍വേയുടെ കൈവശമുള്ള 975 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് ആഗ്രഹം.
ബജറ്റിലെ വന്‍കിട പദ്ധതികളില്‍ സില്‍വര്‍ ലൈനും ഇടം നേടിയല്‍ എതിര്‍പ്പുകള്‍ ഇല്ലാതാകുമെന്നും പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ആകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. പതിവ് പോലെ എയിംസും, റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍, റെയില്‍വേ സോണ്‍, ശബരിപാതയുമൊക്കെ ഇക്കുറിയും പ്രതീക്ഷകളുടെ പട്ടികയിലുണ്ട്. കണ്ണൂരില്‍ ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിക്കുകയും മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ രാഷ്ട്രീയ ആരോഗ്യ നിധിയില്‍ ഉള്‍പ്പെടുത്തുകയും വേണമെന്ന് ധനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. റബ്ബറിന് താങ്ങ് വിലയും വിളകള്‍ക്ക് പ്രത്യേക സഹായവുമാണ് കാര്‍ഷിക മേഖലയിലെ സ്വപ്നങ്ങള്‍. കൊവിഡ് കാലത്തെ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പ്രത്യേക പാക്കേജാണ് മറ്റൊരു പ്രതീക്ഷ.
ജി.എസ്.ടി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേക്ക് നീട്ടണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പ്പാ പരിധി ഉയര്‍ത്തുകയും വന്‍കിട പദ്ധതികള്‍ക്കായി എടുക്കുന്ന വായ്പകളെ ധന ഉത്തരവാദ നിയമത്തില്‍ നിന്ന് ഒഴുവാക്കുകയും വേണം. മടങ്ങി എത്തുന്ന പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജും കേരളം പ്രതീക്ഷിക്കുന്നുണ്ട്.