കൊച്ചി : കൊച്ചിയിൽ റേവ് പാർട്ടികൾക്ക് ‘ഡിസ്കോ ബിസ്കറ്റ്’ എന്ന കോഡ് ഭാഷയിൽ മയക്കുമരുന്ന് എത്തിച്ചിരുന്നവർ എക്സൈസ് പിടിയിൽ. സ്വകാര്യ റിസോർട്ടുകൾ, ആഡംബര ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാർട്ടികളിൽ ഉന്മാദ ലഹരി പകരുന്നതിനായി ഇവർ മയക്കുമരുന്ന് നല്‍കാറുണ്ടായിരുന്നു. കാക്കനാട് സ്വദേശി സലാഹുദീൻ ഒ എം (മഫ്റു), പാലക്കാട് തൃത്താല സ്വദേശി അമീർ അബ്ദുൾ ഖാദർ, കോട്ടയം വൈക്കം സ്വദേശി അർഫാസ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം എൻഫോഴ്സ്മെന്റ് അസിസ്റ്റന്‍റ് കമ്മീഷണറുടെ സ്പെഷ്യൽ ആക്ഷൻ ടീം, എറണാകുളം ഐബി, എറണാകുളം റേഞ്ച് പാർട്ടി, അങ്കമാലി റേഞ്ച് പാർട്ടി എന്നിവരുടെ സംയുക്ത നീക്കത്തിലാണ് ഇവരെ പിടികൂടിയത്. അത്യന്തം വിനാശകാരിയായ യെല്ലോ മെത്ത് വിഭാഗത്തിൽപ്പെടുന്ന 7.5 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു. മയക്കുമരുന്ന് വില്‍പ്പന നടത്തി ലഭിച്ച ഒരു ലക്ഷത്തി അയ്യായിരം രൂപയും മൂന്ന് സ്മാർട്ട് ഫോണുകളും എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.