കൊൽക്കത്ത : ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ തോറ്റതിൽ കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ബിജെപി നേതൃത്വത്തെ ലക്ഷ്യമിട്ടായിരുന്നു മമതയുടെ പ്രതികരണം. രാജ്യത്തെ ക്രിക്കറ്റ് ടീമിനെ കാവിവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അവര്‍ ആരോപിച്ചു. അവർ രാജ്യത്തെ മുഴുവൻ കാവി ചായം പൂശാൻ ശ്രമിക്കുകയാണ്. നമ്മുടെ ഇന്ത്യൻ കളിക്കാരിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. കൊൽക്കത്തയിലോ വാങ്കഡെയിലോ ഫൈനൽ നടന്നിരുന്നെങ്കിൽ നമ്മൾ ലോകകപ്പ് നേടുമായിരുന്നു. കാവി പ്രാക്ടീസ് ജേഴ്‌സി അവതരിപ്പിച്ച് ടീമിനെ കാവിവൽക്കരിക്കാൻ പോലും അവർ ശ്രമിച്ചു.
കളിക്കാർ എതിർത്തതുകൊണ്ട് മത്സരങ്ങളിലെങ്കിലും അവർക്ക് ആ ജേഴ്‌സി ധരിക്കേണ്ടി വന്നില്ല. പാപികൾ എവിടെ പോയാലും അവരുടെ പാപങ്ങൾ കൂടെ കൊണ്ടുപോകും. ഇന്ത്യൻ ടീം വളരെ നന്നായി കളിച്ചു. പാപികൾ പങ്കെടുത്ത മത്സരം ഒഴികെ അവർ ലോകകപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ചു. ആരുടെയും പേരെടുത്ത് പറയാതെ മമത പറഞ്ഞു. നിലവിൽ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുന്ന കേന്ദ്ര ഏജൻസികൾ 2024 -ലെ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് പിന്നാലെ പോകും. കേന്ദ്രത്തിൽ ഈ സർക്കാർ മൂന്ന് മാസം കൂടി മാത്രമേ ഉണ്ടാകൂ എന്നും മമത പറഞ്ഞു.