കോട്ടയം: കള്ള് കൊടുക്കാൻ വൈകിയതിന്‍റെ പേരിൽ കള്ള് ഷാപ്പ് ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതി കോട്ടയത്ത് അറസ്റ്റിൽ. അതിരമ്പുഴ സ്വദേശി വിഷ്ണു വിശ്വനാഥനെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടമുറി ഭാഗത്തെ ഷാപ്പിലാണ് വിഷ്ണുവും സുഹൃത്തുക്കളും ചേർന്ന് പ്രശ്നമുണ്ടാക്കിയത്. കള്ള് കൊടുക്കാൻ വൈകിയെന്ന പേരിലായിരുന്നു ആക്രമണം. എന്നാൽ, വിഷ്ണുവിന്‍റെ സുഹൃത്ത് ഷാപ്പിന് മുൻവശം മീൻ കച്ചവടം നടത്താനിരുന്നതിനെ ഷാപ്പിലെ മാനേജർ എതിർത്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇവർ ഷാപ്പിൽ കയറി ജീവനക്കാരനെ ആക്രമിച്ച്, ഷാപ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്നാണ് പോലീസ് കണ്ടെത്തൽ. അതേസമയം, മദ്യപിക്കാൻ പണം നല്‍കാത്തതിന് വയോധികയായ മാതാവിനെ ഉപദ്രവിച്ച് അവശയാക്കിയ മകൻ മാവേലിക്കരയില്‍ പിടിയിലായി.
വെട്ടിയാര്‍ വാക്കേലേത്ത് വീട്ടിൽ രാജൻ (48) ആണ് അറസ്റ്റിലായത്. നവംബർ 20ന് വൈകിട്ട് മൂന്ന് മണിയോടുകൂടി വെട്ടിയാറുള്ള വീട്ടിൽ വച്ച് അമ്മ ശാന്തയോട് മദ്യപിക്കുവാൻ പണം ആവശ്യപ്പെട്ടു. ഇത് നൽകാത്തതിലുള്ള ദേഷ്യം കാരണം അമ്മയെ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടര്‍ന്ന് കഴുത്തിനു കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് അവശയാക്കിയ ശേഷം ഒളിവിൽ പോകുകയായിരുന്നു. മുൻപും പല പ്രാവശ്യം ഇയാൾ മാതാപിതാപിതാക്കളെ ഉപദ്രവിച്ചിട്ടുണ്ട്. പലപ്പോഴും നാട്ടുകാര്‍ ഇടപെട്ടാണ് രാജനെ പിൻതിരിപ്പിച്ചിരുന്നത്. അമ്മ ശാന്തയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവേ ഒളിവിൽ പോയിരുന്ന പ്രതിയെ ഇലവുംതിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്.