ദില്ലി : ഇന്ത്യയിലെ അഫ്ഗാൻ എംബസി കെട്ടിടവും സ്വത്തുക്കളും ഇന്ത്യ ഏറ്റെടുക്കണമെന്ന് അഫ്ഗാൻ മുൻ നയതന്ത്ര ഉദ്യോഗസ്ഥർ. ഇന്ത്യ നിലപാടെടുക്കാത്ത സാഹചര്യത്തിൽ എംബസി അടച്ചതായി നയതന്ത്ര ഉദ്യോഗസ്ഥർ പ്രസ്താവനയിറക്കി. ഇത് രണ്ടാം തവണയാണ് എംബസി അടച്ചുവെന്ന പ്രസ്താവന അഫ്ഗാൻ മുൻ നയതന്ത്ര ഉദ്യോഗസ്ഥർ പുറത്തിറക്കുന്നത്. നവംബർ ഒന്നിനും സമാനമായ നിലയിൽ പ്രസ്താവയിറക്കിയിരുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തോട് യോജിക്കാത്ത ഉദ്യോഗസ്ഥരാണ് ദില്ലിയിലെ അഫ്ഗാൻ എംബസിയിൽ ഉണ്ടായിരുന്നത്. ഇന്ത്യയിലെ എംബസി നേരിട്ട് താലിബാന് കൈമാറുന്നില്ലെന്നാണ് മുൻനയതന്ത്ര ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുളളത്. ഇന്ത്യയോട് ഏറ്റെടുക്കണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ട് വെച്ചിട്ടുളളത്. ദില്ലിയിലുളള എംബസി അഫ്ഗാനിൽ ഭരണത്തിലുളള താലിബാന് കൈമാറണോ എന്ന് ഇന്ത്യയ്ക്ക് തീരുമാനിക്കാം. നിലവിൽ താലിബാൻ ഭരണത്തോട് നയതന്ത്ര ബന്ധം വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ദില്ലിയിലുളള അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നയതന്ത്ര പരിരക്ഷ നൽകുന്നതിലും കേന്ദ്രം തീരുമാനമെടുത്തിരുന്നില്ല.