പട്ന: ബലം പ്രയോഗിച്ച് തോക്കിന്‍ മുനയിൽ യുവതിയുടെ നെറ്റിയിൽ സിന്ദൂരമണിയിപ്പിച്ച് വിവാഹിതരാക്കിയ സംഭവത്തിൽ വിവാഹം അസാധുവെന്ന് ഹൈക്കോടതി. ഹിന്ദു വിവാഹ നിയമപ്രകാരം ഈ വിവാഹത്തിന് സാധുത ഇല്ലെന്നാണ് പട്ന ഹൈക്കോടതി വിശദമാക്കിയത്. 10 വർഷം മുന്‍പ് നടന്ന വിവാഹത്തിനാണ് സാധുതയില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. സൈനികനായ രവി കാന്ത് എന്നയാളുടെ പരാതിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം.
2013 ജൂണ്‍ 30ന് രവി കാന്തിനേയും ബന്ധുവിനേയും തട്ടിക്കൊണ്ട് പോയി തോക്കിന്‍ മുനയിൽ നിർത്തി യുവതിയുടെ നെറ്റിയിൽ സിന്ദൂരം അണിയിപ്പിച്ചത്. ഒരു ക്ഷേത്ര സന്ദർശനത്തിനിടെയായിരുന്നു ഇത്. രവി കാന്തും ബന്ധുവും പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇതിന് പിന്നാലെയാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്. വിവാഹം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു രവി കാന്ത് കോടതിയെ സമീപിച്ചത്. എന്നാല്‍ 2020 ജനുവരിയിൽ കോടതി ഈ ഹർജി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് സൈനികൻ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ അനുമതിയോ പൂർണ സമ്മതത്തോടെയോ അല്ല ചടങ്ങുകള്‍ നടന്നതെന്നും ഭയപ്പെടുത്തിയാണ് യുവതിയുടെ നെറ്റിയിൽ സിന്ദൂരം അണിയിച്ചതെന്നും രവികാന്ത് കോടതിയെ അറിയിച്ചു.
വിവാഹം നടത്തി നൽകാന്‍ പുരോഹിതന്റെ അസാന്നിധ്യവും അഗ്നിയെ വലം വയ്ക്കുന്നതടക്കമുള്ള ചടങ്ങുകളുടെ അസാന്നിധ്യത്തിലാണ് വിവാഹത്തിന് ഹിന്ദുവിവാഹ നിയമ പ്രകാരം സാധുതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ഇതിനെല്ലാം പുറമേ വരന്റെ സമ്മതത്തോടയല്ല വിവാഹം നടന്നതെന്നും കോടതി വിശദമാക്കി. ബലം പ്രയോഗിച്ചുള്ള വിവാഹമായതിനെ സാധൂകരിക്കുന്നതാണ് വിവാഹ ഫോട്ടോകളില്ലാത്തതെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദു വിവാഹ നിയമം അനുസരിച്ച് അഗ്നിക്ക് വലം വയ്ക്കുന്നതില്ലാതെ വിവാഹത്തിന് സാധുതയില്ലെന്നും ജസ്റ്റിസ് പിബി ബജാന്ത്രിയും ജസ്റ്റിസ് അരുണ്‍ കുമാർ ഝായുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.