കോയമ്പത്തൂര്‍ മധുക്കരെ ഫോറസ്റ്റ് റേഞ്ചില്‍ കര്‍ഷകര്‍ക്കായി നിര്‍മ്മിച്ച ഒരു കുളത്തില്‍ വീണ കാട്ടനയെ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി, വനത്തിലേക്ക് വിട്ടു. കുളത്തില്‍ നിന്നും ആനയെ, ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധ നേടി. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാല് വയസ് തോന്നിക്കുന്ന ആൺ ആന കുളത്തിൽ വീണത്. ഫോറസ്റ്റ് റേഞ്ചിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർ, കുളത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ആനയെ കണ്ടെത്തിയത്. ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ആനയെ കുളത്തില്‍ നിന്നും കരകയറ്റുന്ന വീഡിയോ എഎന്‍ഐയാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്ത് വിട്ടത്. ”കൃഷിക്കായുല്ള കുളത്തിൽ കുടുങ്ങിയ ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിതമായി രക്ഷപ്പെടുത്തി. കോയമ്പത്തൂരിലെ മധുക്കരൈ ഫോറസ്റ്റ് റേഞ്ചിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ആനയെ കണ്ടെത്തിയത്,” എന്ന കുറിപ്പോടെയാണ് എഎന്‍എ വീഡിയോ പങ്കുവച്ചത്. വീഡിയോയ്ക്ക് താഴെ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനം അറിയിച്ച് കൊണ്ടുള്ള കുറിപ്പുകളാണ്. വനം വകുപ്പിന്‍റെ സയോചിതമായ പരിപാടിയില്‍ ആനയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെന്ന് മിക്കയാളുകളും കുറിച്ചു.
കോയമ്പത്തൂര്‍ ജില്ലയിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമങ്ങളില്‍ കാട്ടാനകള്‍ എത്തുന്നത് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് തമിഴ്നാട് വനംവകുപ്പ് രാത്രികാല പട്രോളിംഗ് ഏര്‍പ്പെടുത്തിയത്. വന്യമൃഗ ശല്യം കൂടിയതോടെ പട്രോളിംഗിനുള്ള ജീവനക്കാരുടെ എണ്ണം സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. തമിഴ്‌നാട് വനം വകുപ്പിന്‍റെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ സംവിധാനവും മധുക്കരയിലെ റെയിൽവേ ട്രാക്കിൽ ആനയുടെ ചലനങ്ങൾ രേഖപ്പെടുത്താൻ ആരംഭിച്ചു. നിരീക്ഷണ സംവിധാനത്തിൽ 12 ടവറുകളില്‍ തെർമൽ ക്യാമറകളും സാധാരണ ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്, മൃഗങ്ങളുടെ നീക്കം നേരത്തെ കണ്ടെത്തുന്നതിനായി റെയിൽവേ ട്രാക്കിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ഇത്തരം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞു. തീവണ്ടികളുമായി കൂട്ടിയിടിച്ച് നിരവധി ആനകള്‍ ഈ പ്രദേശത്ത് അതിദാരുണമായി കൊല്ലപ്പെട്ടിട്ടുണ്ട്.