കോഴിക്കോട്: തനിക്കെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. തെരഞ്ഞെടുപ്പ് കാലത്തും സമാന പരാതി ഉയർന്നതാണെന്ന് ദേവർകോവിൽ പറഞ്ഞു. ഇന്നലെയാണ് മുഖ്യമന്ത്രിയുടെ നവകേരള സദസിൽ മന്ത്രിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് പരാതി എത്തിയത്. പരാതിക്ക് പിന്നിൽ രാഷ്ടീയ പ്രതിയോഗികളാണ്. താൻ ആർക്കും പണം നൽകാനില്ല. സദസിന്റെ ശോഭ കെടുത്താനാണ് ഇത്തരം പരാതികൾ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. വടകര നവകേരള സദസിലാണ് മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ മന്ത്രി 63 ലക്ഷം രൂപ നൽകണമെന്ന കോടതി വിധി നടപ്പായിക്കിട്ടാൻ സഹായിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.