തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജരേഖ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്യലിനായി പൊലീസിന് മുന്നിൽ ഹാജരായി. ആശങ്കകൾ ഇല്ലെന്നും നിയമപരമായി നേരിടുമെന്നും രാഹുൽ വ്യക്തമാക്കി. ഒളിക്കാനും മറക്കാനും ഒന്നുമില്ലെന്ന ഉത്തമമായ വിശ്വാസത്തിലാണ് ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരായതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കേസിൽ പ്രതി ചേർത്താൽ ഈ നാട്ടിലെ കോടതികളിൽ വിശ്വാസമുണ്ടെന്ന് രാഹുൽ വ്യക്തമാക്കി. അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ വിജയൻ സേനയെന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. വ്യാജ രേഖ കേസിൽ മ്യൂസിയം സ്റ്റേഷനിലാണ് രാഹുൽ ഹാജരായത്.
കന്റോൺമെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലിസ് തെരെഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനിടെ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകിയ സിജെഎം കോടതി വിധിക്കെതിരെ അപ്പീൽ നൽകാനും പൊലീസ് തീരുമാനിച്ചു.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ വ്യാപകമായി നിർമിച്ചെന്ന കണ്ടെത്തിയതിനെ തുടർന്നാണ് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നത്. വികാസ് കൃഷ്ണയാണ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജകാർഡുകൾ നിർമിച്ചത്. ഈ കാർഡുകൾ മറ്റു പ്രതികൾക്ക് ഓൺലൈനായി കൊടുത്തതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു.