ദില്ലി: കേന്ദ്ര സർക്കാരിനേയും താലിബാന്‍ ഭരണകൂടത്തേയും പഴിച്ച് കൊണ്ട് ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്‍ എംബസി നവംബർ 23നാണ് അടച്ചത്. സെപ്തംബർ 30 ന് ശേഷം അഫ്ഗാനിസ്ഥാന്‍ എംബസി രാജ്യത്തെ പ്രവർത്തിക്കുന്നത് നിർത്തിയിരുന്നു. അഫ്ഗാനിസ്ഥാന്‍ എംബസിയിലെ നയതന്ത്ര പ്രതിനിധികൾ നിലവിലെ അഫ്ഗാന്‍ ഭരണകൂടത്തെ പ്രതിനിധാനം ചെയ്യുന്നില്ലെന്ന പേരിലുയർന്ന രാഷ്ട്രീയ കോലാഹങ്ങൾക്കൊടുവിലാണ് ഇന്ത്യയിലെ എംബസി അടച്ച് പൂട്ടുന്നതെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. താലിബാന്‍ അധികാരത്തിലേറിയതിന് ശേഷം കാബൂളുമായുള്ള ദില്ലിയുടെ ഇടപെടൽ സൃഷ്ടിച്ച രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ പ്രതിഫലനമായാണ് എംബസി അടച്ച് പൂട്ടിയതിന് നിരീക്ഷിക്കുന്നത്. നിലവിൽ താലിബാന്‍ അനുകൂലികളായ നയതന്ത്ര പ്രതിനിധികള്‍ മാത്രമാണ് ദില്ലിയിലെ എംബസി ഓഫീസിൽ തുടരുന്നത്.
അഫ്ഗാന്‍ റിപബ്ലിക്കുമായി ബന്ധമുള്ള നയതന്ത്ര പ്രതിനിധികള്‍ മറ്റ് രാജ്യങ്ങളിലേക്കാണ് മടങ്ങിപ്പോയത്. ഇന്ത്യയിലെ അഫ്ഗാൻ എംബസി കെട്ടിടവും സ്വത്തുക്കളും ഇന്ത്യ ഏറ്റെടുക്കണമെന്ന് അഫ്ഗാൻ മുൻ നയതന്ത്ര ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിക്കാതെ വന്നതിന് പിന്നാലെ എംബസി അടച്ചതായി നയതന്ത്ര ഉദ്യോഗസ്ഥർ പ്രസ്താവനയിറക്കുകയായിരുന്നു.
ഇത് രണ്ടാം തവണയാണ് എംബസി അടച്ചുവെന്ന പ്രസ്താവന അഫ്ഗാൻ മുൻ നയതന്ത്ര ഉദ്യോഗസ്ഥർ പുറത്തിറക്കുന്നത്. നവംബർ ഒന്നിനും സമാനമായ നിലയിൽ പ്രസ്താവയിറക്കിയിരുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തോട് യോജിക്കാത്ത ഉദ്യോഗസ്ഥരാണ് ദില്ലിയിലെ അഫ്ഗാൻ എംബസിയിൽ ഉണ്ടായിരുന്നത്. ഇന്ത്യയിലെ എംബസി നേരിട്ട് താലിബാന് കൈമാറുന്നില്ലെന്നാണ് മുൻനയതന്ത്ര ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുളളത്.
ഇന്ത്യയോട് ഏറ്റെടുക്കണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ട് വെച്ചിട്ടുളളത്. ദില്ലിയിലുളള എംബസി അഫ്ഗാനിൽ ഭരണത്തിലുളള താലിബാന് കൈമാറണോ എന്ന് ഇന്ത്യയ്ക്ക് തീരുമാനിക്കാം. നിലവിൽ താലിബാൻ ഭരണത്തോട് നയതന്ത്ര ബന്ധം വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സർക്കാരുള്ളത്. ദില്ലിയിലുളള അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നയതന്ത്ര പരിരക്ഷ നൽകുന്നതിലും കേന്ദ്രം തീരുമാനമെടുത്തിരുന്നില്ല.