കോഴിക്കോട്: കോഴിക്കോട് നവകേരള സദസ്സിന്‍റെ മൂന്നാം ദിവസമായ ഇന്ന് കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സാംസ്കാരിക പരിപാടികൾ ഒഴിവാക്കി.
രാവിലെ ഒന്‍പത് മണിക്ക് ഓമശ്ശേരി അമ്പലക്കണ്ടി സ്നേഹതീരം കൺവെൻഷൻ സെന്ററിൽ പ്രഭാതയോഗം ചേരും. എന്നാൽ പ്രഭാത യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും കളമശേരി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കി. തിരുവമ്പാടി, ബാലുശ്ശേരി, കൊടുവള്ളി, ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കള്‍ പ്രഭാത യോഗത്തിൽ പങ്കെടുക്കും.
തുടര്‍ന്ന് തിരുവന്പാടി മണ്ഡലംതല നവകേരള സദസ്സ് 11 മണിക്ക് മുക്കം ഓര്‍ഫനേജ് ഒഎസ്എ ഓഡിറ്റോറിയത്തിലും കൊടുവള്ളിയിലേത് വൈകീട്ട് മൂന്നിന് കൊടുവള്ളി കെഎംഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ചേരും. കുന്ദമംഗലം മണ്ഡലത്തിലേത് 4.30ന് കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗ്രൗണ്ടിലും ബേപ്പൂര്‍ മണ്ഡലത്തിലേത് വൈകീട്ട് ആറിന് ഫറോക്ക് നല്ലൂര്‍ ഇ.കെ നായനാര്‍ മിനി സ്റ്റേഡിയത്തിലും നടക്കും. ഇന്നലെ നവകേരള സദസ്സിനെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധമുണ്ടായിരുന്നു. ഇന്നും യുജനസംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.