കൊച്ചി: കുസാറ്റില്‍ സംഗീത പരിപാടിക്ക് മുമ്പുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച വാര്‍ത്തയറിഞ്ഞ് ഹൃദയം തകര്‍ന്നുപോയെന്ന് ഗായിക നിഖിത ഗാന്ധി. നിഖിതയുടെ സംഗീത പരിപാടിക്ക് മുന്‍പാണ് ഓര്‍ക്കാപ്പുറത്ത് അപ്രതീക്ഷിത ദുരന്തമുണ്ടായത്. “കൊച്ചിയിൽ നടന്ന സംഭവത്തിൽ എന്‍റെ ഹൃദയം തകർന്നുപോയി. ഞാന്‍ വേദിയിലേക്ക് പോകുന്നതിന് മുമ്പാണ് ഇത്തരമൊരു ദൗർഭാഗ്യകരമായ സംഭവം നടന്നത്. അഗാധമായ ദുഃഖം പ്രകടിപ്പിക്കാൻ വാക്കുകളില്ല. വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കായി പ്രാര്‍ത്ഥിക്കുന്നു”- നിഖിത ഗാന്ധി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ‘ബുർജ് ഖലീഫ’, ‘ഖാഫിറാന’, ‘നജാ’ തുടങ്ങി നിരവധി ഹിറ്റ് പാട്ടുകള്‍ പാടിയ ഗായികയാണ് നിഖിത ഗാന്ധി. സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ടൈഗർ 3യിലെ പാട്ടുകളും ആലപിച്ചിട്ടുണ്ട്.
കുസാറ്റിലെ സ്കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ടെക് ഫെസ്റ്റിന്‍റെ ഭാഗമായി കാമ്പസിനകത്തുള്ള ആംഫി തിയേറ്ററില്‍ സംഘടിപ്പിച്ച സംഗീത നിശയില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്. രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റൂഫ്, താമരശ്ശേരി സ്വദേശിനി സാറാ തോമസ്, കുസാറ്റിലെ വിദ്യാര്‍ത്ഥിയല്ലാത്ത പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്.
കുസാറ്റില്‍ എല്ലാ വര്‍ഷവും നടക്കാറുള്ള ടെക് ഫെസ്റ്റിന്‍റെ ഭാഗമായുള്ള കലാപരിപാടികളില്‍ പങ്കെടുക്കാന്‍ കാമ്പസിനു പുറത്തു നിന്നും ധാരാളം ആളുകള്‍ എത്താറുണ്ട്. ബോളിവുഡ് ഗായികയുടെ ഷോയ്ക്ക് വലിയ ജനക്കൂട്ടമുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ വീഴ്ച വന്നുവെന്നാണ് പ്രാഥമിക നിഗമനം. കാമ്പസിലെ വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ക്ക് സാധാരണയുള്ള പൊലീസ് സാന്നിധ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊതുവെ വിദ്യാര്‍ത്ഥികളാണ് ഇത്തരം പരിപാടികള്‍ക്ക് നേതൃത്വം നല്‍കാറുള്ളത്.