തിരുവനന്തപുരം : സഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുന്നതിൽ സുപ്രിം കോടതിയുടെ നിർദ്ദേശം പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രിം കോടതി വിശുദ്ധ പശുവാണ്. കോടതിയുടെ നിർദേശം എന്തായാലും പാലിക്കും എന്നും അദ്ദേഹം പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെക്കാനോ വീറ്റോ ചെയ്യാനോ ഗവർണർക്ക് അധികാരമില്ലെന്നായിരുന്നു സുപ്രിം കോടതിയുടെ നിരീക്ഷണം. നിയമസഭ ബില്ലുകൾ പാസാക്കിയാൽ ഒപ്പിടാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞിരുന്നു.
സുപ്രിം കോടതി വിശുദ്ധ പശുവാണ്. കോടതിയുടെ നിർദേശം എന്തായാലും പാലിക്കും. പഞ്ചാബ് വിധി പരിശോധിക്കാൻ പറഞ്ഞത് സെക്രട്ടറിയോടാണ്. പരിശോധിച്ചോ എന്നത് സെക്രട്ടറിയോട് ചോദിക്കൂ. കോടതി വിധി കൈവശമുണ്ടെങ്കിൽ തരാൻ ഗവർണർ ആവശ്യപ്പെട്ടു. സെക്രട്ടറിക്ക് വേണ്ടി താൻ മറുപടി പറയില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാൻ ഗവർണർമാർ കാണിക്കുന്ന കാലതാമസത്തിനെതിരെ സുപ്രീം കോടതി. കേസുകൾ പരമോന്നത കോടതിയിൽ എത്തുന്നത് വരെ കാത്തിരിക്കാതെ ഗവർണർമാർ ബില്ലുകളിൽ തീരുമാനമെടുക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർമാർ തടഞ്ഞുവയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളം, തമിഴ്‌നാട്, തെലങ്കാന, പഞ്ചാബ് തുടങ്ങിയ നാല് സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിൽ പഞ്ചാബ് സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചതിന് ശേഷം മാത്രം ഗവർണർമാർ ബില്ലുകളിൽ ഇടപെടുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കോടതി വാക്കാൽ പറഞ്ഞു. ഗവർണർമാർ ആത്മപരിശോധന നടത്തണം. തങ്ങൾ ജനപ്രതിനിധികളല്ലെന്ന് ഗവർണർമാർ തിരിച്ചറിയണമെന്നും കോടതി പറഞ്ഞു.