തിരുവനന്തപുരം : ഇന്ത്യ – ഓസ്ട്രേലിയ രണ്ടാം ടി20 മത്സരത്തിനായി തയാറായിരിക്കുന്നത് ബാറ്റിംഗ് പിച്ചെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ക്യൂറേറ്റര്‍ എം എം ബിജു. മത്സരത്തില്‍ വമ്പന്‍ സ്കോര്‍ പിറക്കാനാണ് സാധ്യതയെന്നും ബിജു പറഞ്ഞു. ഇന്ത്യ-ശ്രീലങ്ക ഏകദിനം നടന്ന അതേ പിച്ചിലാണ് ഇന്നത്തെ ഇന്ത്യ – ഓസ്ട്രേലിയ ടി20 മത്സരവും നടക്കുന്നത്. അന്നത്തെപ്പോലെ വമ്പൻ സ്കോർ ഇന്നും പ്രതീക്ഷിക്കാമെന്നും ബിജു പറഞ്ഞു. മത്സര സമയത്ത് മഴ പെയ്യില്ലെന്നാണ് കാലവസ്ഥാ പ്രവചനം. മഴ പെയ്താലും മികച്ച ഡ്രെയിനേജ് സൗകര്യങ്ങളുള്ളതിനാല്‍ പെട്ടെന്ന് തന്നെ ഗ്രൗണ്ട് മത്സര സജ്ജമാക്കാൻ കഴിയും.
അതിനായി ആവശ്യമുള്ള സജ്ജീകരണങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ടെന്നും ബിജു പറഞ്ഞു. ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഇന്ത്യ ശ്രീലങ്ക ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെയും ശുഭ്മാന്‍ ഗില്ലിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 22 ഓവറില്‍ 73 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 110 പന്തില്‍ 166 റണ്‍സെടുത്ത വിരാട് കോലിയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. ശുഭ്മാന്‍ ഗില്‍ 97 പന്തില്‍ 116 റണ്‍സടിച്ചു.